കലാകിരീടം ഇക്കുറിയും പാലക്കാടിന് സ്വന്തം; അടുത്ത വര്‍ഷത്തെ കലോത്സവം കൊല്ലം ജില്ലയില്‍

Jaihind News Bureau
Sunday, December 1, 2019

കാസർകോട് കാഞ്ഞങ്ങട് നടന്ന അറുപതാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പാലക്കാട് വിജയികളായി. കണ്ണൂരും കോഴിക്കോടും ഒപ്പത്തിനൊപ്പം എത്തിയെങ്കിലും നറുക്കെടുപ്പിലൂടെ കോഴിക്കോടിനെ രണ്ടാം സ്ഥാനക്കാരായി പ്രഖ്യാപിച്ചു.

നാല് രാപ്പകല്‍ നീണ്ട ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഭാഗ്യം തുണച്ചത് പാലക്കാടിനെയാണ്. 951 പോയിന്‍റോടെയാണ് കഴിഞ്ഞ വർഷത്തെ കിരീട ജേതാക്കളായ പാലക്കാട് ഇക്കുറിയും കിരീടം നിലനിർത്തിയത്. കോഴിക്കോട്, കണ്ണൂ‍ർ ജില്ലകൾ ഇഞ്ചോടിഞ്ച് പൊരുതിയെങ്കിലും ഫോട്ടോഫിനിഷിൽ രണ്ട് പോയിന്‍റിന്‍റെ മുൻതൂക്കത്തിൽ കിരീടം പാലക്കാട് നിലനിർത്തുകയായിരുന്നു. ഒരേ പോയിന്‍റ് ലഭിച്ചതോടെ നറുക്കെടുപ്പിലൂടെ രണ്ടാം സ്ഥാനത്തേക്ക് ഉള്ള ട്രോഫി കോഴിക്കോട് നേടി.

വർണ്ണാഭമായ സമാപന ചടങ്ങിൽ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ, വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്, കാസർകോട് എം.പി രാജ് മോഹൻ ഉണ്ണിത്താൻ, സിനിമാതാരങ്ങളായ രമേശ് പിഷാരടി, വിന്ദുജാ മേനോൻ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു.

കലോത്സവചരിത്രത്തിൽ മൂന്നാം തവണയാണ് കിരീടം പാലക്കാട്ടേക്ക് എത്തുന്നത്. കഴിഞ്ഞ വർഷം കൈവിട്ട കലാകിരീടം തിരിച്ചുപിടിക്കാനുറപ്പിച്ച് പോരാടിയ കോഴിക്കോട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 940 പോയിന്‍റോടെ തൃശ്ശൂർ ജില്ലയാണ് നാലാം സ്ഥാനത്ത്. ആതിഥേയരായ കാസർകോട് റാങ്ക് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. സ്‌കൂളുകളില്‍ പാലക്കാട് ഗുരുകുലം ഹയര്‍ സെക്കന്‍ഡറിയാണ് ഒന്നാമത്. അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊല്ലം ജില്ല വേദിയാകും.