Palakkad| പാലക്കാട് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: ആരോപണവിധേയരായ രണ്ട് അധ്യാപികമാരെ സസ്പെന്‍ഡ് ചെയ്തു

Jaihind News Bureau
Thursday, October 16, 2025

പാലക്കാട്: കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍, വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് നടപടി. ആരോപണവിധേയയായ അധ്യാപിക ആശയെയും സ്‌കൂളിലെ പ്രധാന അധ്യാപിക ലിസിയെയും സസ്‌പെന്‍ഡ് ചെയ്തു.

പല്ലന്‍ചാത്തന്നൂര്‍ സ്വദേശിയായ അര്‍ജുനാണ് കഴിഞ്ഞ ദിവസം വീട്ടില്‍ ആത്മഹത്യ ചെയ്തത്. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ ഉടന്‍ യൂണിഫോമില്‍ തന്നെ അര്‍ജുന്‍ തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായ ആശക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി അര്‍ജുന്റെ കുടുംബവും മറ്റ് വിദ്യാര്‍ത്ഥികളും രംഗത്തെത്തി.

ഇന്‍സ്റ്റാഗ്രാമില്‍ വിദ്യാര്‍ത്ഥികള്‍ അയച്ച സന്ദേശങ്ങളെ തുടര്‍ന്ന് അധ്യാപിക ആശ ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. ഇന്‍സ്റ്റാഗ്രാം സന്ദേശങ്ങളുടെ പേരില്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും, വിദ്യാര്‍ത്ഥികളെ ജയിലില്‍ ഇടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തി. മാത്രമല്ല, ‘ഒന്നര വര്‍ഷം ജയിലില്‍ കിടത്തുമെന്ന്’ ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിക്കുന്നു.

വിഷയത്തില്‍ കുഴല്‍മന്ദം പൊലീസില്‍ പരാതി നല്‍കുമെന്ന് കുടുംബം അറിയിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിയുടെ ആത്മഹത്യക്ക് കാരണക്കാരായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്‌കൂളില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് മാനേജ്‌മെന്റ് ഇപ്പോള്‍ അധ്യാപികമാര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.