വിശ്വാസ സംരക്ഷണയാത്രക്ക് പാലക്കാട് ഉജ്ജ്വല സ്വീകരണം; ഉണ്ണികൃഷ്ണന്‍ പോറ്റി സി പി എമ്മിലെ പലരേയും ‘പോറ്റുകയാണെന്ന്’ എ പി അനില്‍കുമാര്‍

Jaihind News Bureau
Tuesday, October 14, 2025

പാലക്കാട്: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം കൊടിക്കുന്നില്‍ സുരേഷ് എംപി നയിക്കുന്ന പാലക്കാട് മേഖലയിലെ വിശ്വാസ സംരക്ഷണ യാത്രക്ക് ജില്ലയില്‍ ഉജ്ജ്വല സ്വീകരണം. വിവിധ കേന്ദ്രങ്ങളില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ യാത്രയെ ആവേശത്തോടെ വരവേറ്റു.

തൃത്താലയില്‍ നിന്നാരംഭിച്ച യാത്ര കെപിസിസി പ്രസിഡന്റ് സണ്ണിജോസഫ് എംെല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ അതിര്‍ത്തിയായ തൃത്താലയില്‍ യാത്രക്ക് ലഭിച്ച ആവേശം നിറഞ്ഞ സ്വീകരണം ശ്രദ്ധേയമായി. ഉച്ചക്ക് ശേഷം പാലക്കാട് നഗരത്തിലും യാത്രക്ക് സ്വീകരണം നല്‍കി. ഡിസിസി അധ്യക്ഷന്‍ എ തങ്കപ്പനാണ് പാലക്കാട് സ്വീകരണയോഗം ഉദ്ഘാടനം ചെയ്തത്.

ആദ്യ ദിവസത്തെ യാത്രയുടെ സമാപനം വടക്കഞ്ചേരിയിലായിരുന്നു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ശബരിമല സ്വര്‍ണക്കൊള്ള സംബന്ധിച്ച് നിയമസഭയില്‍ അടിയന്തിരപ്രമേയത്തിന് അനുമതി ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ ഭയന്നതുകൊണ്ടാണ് അതിന് തയ്യാറാകാതിരുന്നതെന്ന് എ പി അനില്‍കുമാര്‍ ആരോപിച്ചു. സ്വര്‍ണപാളിയില്‍ സ്വര്‍ണം പൂശാന്‍ കരാറെടുത്ത ഉണ്ണികൃഷ്ണന്‍ പോറ്റി സി പി എമ്മിലെ പലരേയും ‘പോറ്റുകയാണെന്ന്’ അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഭക്തി കേരളത്തിലെ വിശ്വാസികള്‍ക്ക് അറിയാമെന്നും അനില്‍കുമാര്‍ പരിഹസിച്ചു.

പിണറായി സര്‍ക്കാരിനെ സംരക്ഷിക്കാന്‍ സി പി എം-ബിജെപി അന്തര്‍ധാര പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിവിധ സ്വീകരണയോഗങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് യാത്രാ നായകന്‍ കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. യാത്ര ഉപനായകന്‍ ടി എന്‍ പ്രതാപന്‍, മുന്‍ എംപി രമ്യാ ഹരിദാസ്, കെപിസിസി ജനറല്‍ സെക്രട്ടറി കെ പി ശ്രീകുമാര്‍, സി ചന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ യാത്രയില്‍ പങ്കെടുത്തു. വിശ്വാസ സംരക്ഷണ യാത്ര നാളെ തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കും.