ദുരഭിമാനക്കൊല : പരാതി നല്‍കിയിട്ടും അന്വേഷിച്ചില്ല ; പൊലീസിന്‍റേത് കെടുകാര്യസ്ഥത : വി.കെ ശ്രീകണ്ഠന്‍ എം.പി

Jaihind News Bureau
Saturday, December 26, 2020

 

പാലക്കാട് : പാലക്കാട്ടേത് ഞെട്ടിക്കുന്ന ആക്രമണമെന്ന് വി.കെ ശ്രീകണ്ഠന്‍ എം.പി. പരാതി നല്‍കിയിട്ടും പൊലീസ് അന്വേഷണം നടത്താതിരുന്നത് കെടുകാര്യസ്ഥതയാണെന്നും അദ്ദേഹം പാലക്കാട് പറഞ്ഞു.

അതേസമയം സംഭവത്തില്‍ ഭാര്യയുടെ അച്ഛനേയും അമ്മാവനെയും പൊലീസ് അറസ്റ്റ് ചെയ്തു. എലമന്ദം സ്വദേശി അനീഷിനെ ഭാര്യയുടെ പിതാവും അമ്മാവനും ചേർന്നാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ പോലീസ് കസ്റ്റഡിയിൽ. ക്രിസ്തുമസ് ദിനത്തിൽ വൈകിട്ട് 6.30 ഓടെയാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. കുഴൽമന്ദം എലമന്ദം സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. പ്രണയ വിവാഹത്തിന്‍റെ പേരിൽ അനീഷിന്‍റെ ഭാര്യ ഹരിതയുടെ അച്ഛനും അമ്മാവനും ചേർന്നാണ് അനീഷിനെ കൊലപ്പെടുത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു.

സ്കൂൾ കാലം മുതൽ പ്രണയത്തിലായിരുന്ന അനീഷും ഹരിതയും മൂന്ന് മാസം മുൻപാണ് റജിസ്റ്റർ വിവാഹം ചെയ്തത്. വ്യത്യസ്ത ജാതിയിൽപ്പെട്ട ഇവരുടെ വിവാഹത്തിൽ ഹരിതയുടെ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നതായും അതാണ് കൊലയ്ക്കു കാരണമെന്നും അനീഷിന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. വിവാഹത്തിന് മൂന്നു മാസം തികയുന്നതിന്‍റെ തലേന്നാണ് അനീഷ് കൊല്ലപ്പെട്ടത്. സഹോദരനൊപ്പം ബൈക്കിൽ പോകുകയായിരുന്ന അനീഷ് ഒരു കടയിൽ കയറാനായി ബൈക്ക് നിർത്തിയപ്പോൾ പ്രഭുകുമാറും സുരേഷും ചേർന്ന് ആക്രമിക്കുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ അനീഷിനെ ആശുപത്രിയിലേക്കുംകൊണ്ടുപോകുംവഴി മരണം സംഭവിക്കുകയായിരുന്നു.

വിവാഹത്തിന് പിന്നാലെ നിരവധി തവണ ഹരിതയുടെ ബന്ധുക്കൾ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കുടുംബം പറഞ്ഞു. രാത്രിയോടെ തന്നെ അച്ഛൻ പ്രഭുകുമാറിനെയും അമ്മാവൻ സുരേഷിനെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. അനീഷിന്‍റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.