പാലക്കാട്: പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറി പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. പദ്ധതി പ്രദേശം വൃത്തിയാക്കാന്‍ ഒയാസിസ് കമ്പനി നടപടി തുടങ്ങിയതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമാക്കിയത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥലം വൃത്തിയാക്കാനുള്ള കമ്പനിയുടെ നീക്കമാണ് നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് തടഞ്ഞത്.
എലപ്പുള്ളി പഞ്ചായത്തിലെ ആറാം വാര്‍ഡിലുള്ള മണ്ണുക്കാട് പ്രദേശത്താണ് മധ്യപ്രദേശ് ആസ്ഥാനമായുള്ള ഒയാസിസ് കൊമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് ബ്രൂവറി പ്ലാന്റ് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. ഡിജിറ്റല്‍ സര്‍വ്വേ നടത്തുന്നതിന്റെ മുന്നോടിയായി കാട് വെട്ടിത്തെളിക്കുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് കമ്പനി പ്രതിനിധി ഗോപീകൃഷ്ണന് അറിയിച്ചു. സ്ഥലം കാടുപിടിച്ചു കിടക്കുന്നതിനെതിരെ നേരത്തെ പരാതികള്‍ ഉയര്‍ന്നിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കല്ല എത്തുന്നതെന്ന് വില്ലേജ് ഓഫീസറെയും പോലീസിനെയും അറിയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍, കമ്പനി പറയുന്നത് വിശ്വസിക്കാന്‍ കഴിയില്ലെന്നും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സ്ഥലത്തെത്തി ജെ.സി.ബി. തടഞ്ഞത്. 24 ഏക്കര്‍ സ്ഥലമാണ് മദ്യനിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കുന്നതിനായി കമ്പനി വാങ്ങിയത്. ഇതില്‍ നാല് ഏക്കര്‍ കൃഷിഭൂമി ഉള്‍പ്പെടുന്നു.
പദ്ധതി യാഥാര്‍ഥ്യമായാല്‍ പ്രദേശത്തെ കാര്‍ഷിക മേഖല താറുമാറാകുമെന്നും കുടിവെള്ള പ്രശ്നം രൂക്ഷമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് പ്രാദേശികമായി പദ്ധതിക്കെതിരെ ശക്തമായ എതിര്‍പ്പുകള്‍ ഉയരുന്നത്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികള്‍ പദ്ധതിയെ എതിര്‍ത്ത് രംഗത്തുണ്ട്.