പാലക്കാട് സിപിഎം നേതാവിന്‍റെ കൊലപാതകം; വെട്ടിയത് പാർട്ടി പ്രവർത്തകർ തന്നെയെന്ന് ദൃക്സാക്ഷി

Jaihind Webdesk
Monday, August 15, 2022

പാലക്കാട്: മലമ്പുഴ കൊട്ടേക്കാടില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാനെ വെട്ടി കൊലപ്പെടുത്തിയത് പാർട്ടി പ്രവർത്തകർ തന്നെയെന്ന വെളിപ്പെടുത്തലുമായി ദൃക്സാക്ഷിയായ സുരേഷ്. എട്ടംഗ സംഘമാണ് ഷാജഹാനെ കൊലപ്പെടുത്തിയത്. കൊലയ്ക്ക് പിന്നില്‍ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചിരുന്നു.

സ്വാതന്ത്ര്യദിനാഘോഷ പരിപാടികളെക്കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അക്രമിസംഘം ഷാജഹാനെ (39) കൊലപ്പെടുത്തിയത്. അക്രമി സംഘത്തിലുണ്ടായിരുന്ന അനീഷ്, ശബരി എന്നിവർ സിപിഎമ്മിന്‍റെ സജീവ പ്രവർത്തകരാണ്. ഇവരെ കൂടാതെ മറ്റു ആറുപേരും സംഘത്തിലുണ്ടായിരുന്നു. ഷാജഹാന്‍റെ കഴുത്തിനും കാലിനും ഇവർ വെട്ടി. അക്രമം തടയാൻ ശ്രമിച്ചപ്പോൾ തനിക്ക് നേരേയും വാൾ വീശിയതായും ദൃക്സാക്ഷിയായ സുരേഷ് പറയുന്നു. സുരേഷിന്‍റെ നേതൃത്വത്തിലാണ് ഷാജഹാനെ ആശുപത്രിയിൽ എത്തിച്ചത്.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് മരുതറോഡ് പഞ്ചായത്തില്‍ സിപിഎം ഹർത്താൽ പ്രഖ്യാപിച്ചു. 2008ല്‍ ബിജെപി പ്രവർത്തകൻ ആറുചാമി കൊലക്കേസിൽ വിചാരണ കോടതി ശിക്ഷിച്ച ആളാണ് ഷാജഹാൻ. ഷാജഹാന്‍റെ കൊലപാതകത്തിന് പിന്നില്‍ ആർഎസ്എസാണെന്ന് സിപിഎം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം പ്രവർത്തകരാണ് വെട്ടിയത് എന്ന വെളിപ്പെടുത്തലുമായി ദൃക്സാക്ഷി രംഗത്തെത്തിയത്.