കണ്ണൂര്‍: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ എസിനു നല്കിയ പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തന്നെ മല്‍സരിക്കുമെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് വ്യക്തമാക്കി. യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിച്ചു വരുന്നതേയുള്ളൂ. ഘടകകക്ഷികളൊന്നും ഇതേവരെ അധികസീറ്റിനായി അവകാശവാദം ഉന്നയിച്ചിട്ടില്ല. ദേശീയതലത്തിലെ വെല്ലുവിളി മനസിലാക്കിക്കൊണ്ട് സീറ്റുകളുടെ കാര്യത്തില്‍ കേരളാ കോണ്‍ഗ്രസും മുസ്ലിം ലീഗും നിലപാടെടുക്കുമെന്നു തന്നെയാണു വിശ്വസിക്കുന്നത്.
കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പരസ്യമായി അഭിപ്രായം പറയുന്നതു വിലക്കിയിട്ടുണ്ട്. പാര്‍ട്ടി വേദിയില്‍ പറയുന്ന അഭിപ്രായം സ്വാഗതാര്ഹമെങ്കില് സ്വീകരിക്കും. വിജയസാധ്യത മാത്രമാണു സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ മാനദണ്ഡം.
യുവാക്കള്‍ക്കു പരിഗണനയുണ്ടാകും. എന്നാല്‍ ഏതെങ്കിലും പ്രത്യേക സീറ്റിനായി നിര്‍ബന്ധം പിടിക്കേണ്ട കാര്യമില്ല. യുവാവ് എന്ന പരിഗണനയില്‍ തന്നെയാണ് തനിക്കും ആദ്യം ലോക്സഭാ സീറ്റ് കിട്ടിയത്. അന്ന് ഏറ്റവും ദുഷ്കരമായ കണ്ണൂര്‍ മണ്ഡലത്തിലെ വെല്ലുവിളി ഏറ്റെടുത്താണ് വിജയിച്ചത്. അല്ലാതെ വിജയിക്കുന്നൊരു സീറ്റ് ആരും സ്വര്‍ണത്തളികയില്‍ വച്ചു തന്നതല്ല. സിപിഎം ഒന്നേകാല്‍ ലക്ഷം വോട്ടിനു മുന്നിട്ടു നിന്നിരുന്ന വടകരയിലും ഇത്തരത്തില്‍ വെല്ലുവിളി ഏറ്റെടുത്താണ് മല്‍സരിച്ചത്. വടകരയില്‍ ആര്‍എംപിയുമായി ഒരു ചര്‍ച്ചയും കോണ്‍ഗ്രസ് നടത്തിയിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
സംസ്ഥാനത്ത് മൊത്തത്തില്‍ സംഘടനാ തലത്തില്‍ കോണ്‍ഗ്രസിന് ഒരു മാന്ദ്യമുണ്ടായിരുന്നു. സംഘടനയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജനമഹായാത്ര നടത്തുന്നത്. കോണ്‍ഗ്രസിന്റെ അണികള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടു വരുന്നുവെന്നതാണ് ഇതേവരെയുള്ള പര്യടനത്തില്‍ ബോധ്യപ്പെട്ടത്. ഇരുപതില്‍ ഇരുപതു സീറ്റും യുഡിഎഫിന് നേടാനാകണം. ആ ലക്ഷ്യമാണ് തന്റെ യാത്രയ്ക്കെന്നും മുല്ലപ്പള്ളി പറഞ്ഞു.
കണ്ണൂര്‍ മണ്ഡലത്തില്‍ ഏറ്റവും അര്‍ഹതയുള്ള, വിജയസാധ്യതയുള്ള സ്ഥാനാര്‍ഥി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന് തന്നെയാണെന്ന് ചോദ്യത്തിനു മറുപടിയായി മുല്ലപ്പള്ളി പറഞ്ഞു. അദ്ദേഹം മല്‍സരിക്കുമോ എന്ന കാര്യത്തില്‍ അദ്ദേഹത്തിന്റെ കൂടി തീരുമാനമായിരിക്കും നിര്‍ണായകമെന്ന് മുല്ലപ്പള്ളി പറഞ്ഞു.