Palakkad Accident| നിയന്ത്രണം വിട്ട കാര്‍ വയലിലേക്ക് മറിഞ്ഞു; പാലക്കാട് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Jaihind News Bureau
Sunday, November 9, 2025

പാലക്കാട് കാടാംകോട് കനാല്‍ പാലത്തിന് സമീപം രാത്രിയുണ്ടായ വാഹനാപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു. റോഡിന് കുറുകെ ചാടിയ പന്നിയെ ഇടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ വയലിലേക്ക് മറിയുകയായിരുന്നു. മരിച്ചവരും പരിക്കേറ്റവരും സുഹൃത്തുക്കളാണ്.

പാലക്കാട് നൂറടി റോഡ് സ്വദേശി രോഹന്‍ (24), നൂറണി സ്വദേശി രോഹന്‍ സന്തോഷ് (22), യാക്കര സ്വദേശി സനൂഷ് (19) എന്നിവരാണ് മരിച്ചത്. രാത്രി 11 മണിയോടെയാണ് കാടാംകോട് കനാല്‍ പാലത്തിന് സമീപം അപകടം നടന്നത്. കാറില്‍ യാത്ര ചെയ്തിരുന്ന ആറ് സുഹൃത്തുക്കളില്‍ മൂന്നുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കാര്‍ ഓടിച്ചിരുന്ന ആദിത്യന്‍ (23) ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഋഷി (24), ജിതിന്‍ (21) എന്നിവരെയും ആദിത്യനെയും ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

ചിറ്റൂരില്‍ പോയ ശേഷം പാലക്കാട്ടേക്ക് മടങ്ങുകയായിരുന്നു സുഹൃത്തുക്കളുടെ സംഘം. യാത്രയ്ക്കിടെ റോഡിന് കുറുകെ ചാടിയ പന്നിയെ ഇടിക്കാതിരിക്കാന്‍ ഡ്രൈവര്‍ പെട്ടെന്ന് വെട്ടിച്ചതാണ് നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണം. നിയന്ത്രണം വിട്ട കാര്‍ ആദ്യം റോഡരികിലെ മൈല്‍ക്കുറ്റിയിലും സമീപത്തെ മരത്തിലും ശക്തമായി ഇടിച്ച ശേഷം താഴെയുള്ള പാടത്തേക്ക് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനം പൂര്‍ണ്ണമായും തകര്‍ന്നു.

വിവിധ സ്ഥലങ്ങളില്‍ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഈ സുഹൃത്തുക്കള്‍ അവധി ദിവസങ്ങളില്‍ ഒരുമിച്ച് കൂടുന്നതും രാത്രി റൈഡുകള്‍ പോകുന്നതും പതിവായിരുന്നു എന്ന് പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് അറിയിച്ചു.