പാലക്കാട്: ബുധനാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്ന പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നാളെ വിധിയറിയാനിരിക്കെ മികച്ച വിജയ പ്രതീക്ഷയിലാണ് യുഡിഎഫ്. ബിജെപിക്ക് ലീഡ് ലഭിച്ചിരുന്ന പാലക്കാട് നഗരസഭയിലടക്കം യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കുമെന്ന കണക്കാണ് ബൂത്ത് കമ്മിറ്റികളില്‍ നിന്നും ലഭിച്ചിട്ടുള്ളത്. പിരായിരി പഞ്ചായത്തില്‍ 8000 വരെ ലീഡ് ഉയരുമെന്നും ബൂത്ത് തല കണക്കുകള്‍ പറയുന്നു.
പാലക്കാട്ട് മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണ്. 184 ബൂത്തുകളില്‍ 106 ബൂത്തകള്‍ നഗരസഭയിലാണ്. വോട്ടെണ്ണലില്‍ തപാല്‍ വോട്ടിന് ശേഷം ആദ്യം നഗര സഭയിലെ 106 ബൂത്തുകളും പിന്നീട് പിരായിരി മാത്തൂര്‍ കണ്ണാടി പഞ്ചായത്തുകളും ഒന്നിനു പുറകെ എണ്ണിത്തുടങ്ങും. നഗരസഭയില്‍ രണ്ടായിരത്തോളവും – പിരായിരി പഞ്ചായത്തില്‍ 8000 വോട്ടുകളുടെ ലീഡും യുഡിഎഫ് പ്രതീക്ഷിക്കുന്നു.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇ ശ്രീധരനിലൂടെ നഗരസഭയില്‍നിന്നു മാത്രം 34,143 വോട്ടു നേടാന്‍ ബിജെപിക്ക് കഴിഞ്ഞു. രണ്ടാം സ്ഥാനത്ത് എത്തിയ കോണ്‍ഗ്രസിന് ലഭിച്ചതാകട്ടെ 27,905 വോട്ടും. അന്ന് ബിജെപിക്ക് 6,238 വോട്ടിന്റെ ലീഡ്. മൂന്നാം സ്ഥാനത്ത് എത്തിയ സിപിഎമ്മിനു കിട്ടിയത് 16,455 വോട്ടു മാത്രം. എന്നാല്‍ ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥിതിക്ക് വലിയ മാറ്റമുണ്ടായി. നഗരസഭയില്‍ ബിജെപി ലീഡ് 497 വോട്ടില്‍ ഒതുക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞു. ബിജെപി സ്ഥാനാര്‍ഥിയുടെ വോട്ടില്‍ 4788 വോട്ടിന്റെ കുറവുണ്ടായി. ബിജെപി നേടിയത് 29,355 വോട്ട്. കോണ്‍ഗ്രസിന് 28,858 വോട്ടു വീണു. 2021 ലേതിനെക്കാള്‍ 953 വോട്ടിന്റെ വര്‍ധന. സിപിഎമ്മിന് 16,356 വോട്ട് ലഭിച്ചു.
നഗരസഭയില്‍ യുഡിഎഫും-ബിജെപിയും മുന്നിലെത്തുന്നതിനാല്‍, മണ്ഡലത്തില്‍ ഒന്നും രണ്ടും സ്ഥാനത്തിനായുള്ള മത്സരം കോണ്‍ഗ്രസും – ബിജെപിയും തമ്മിലാണ്. ഇവിടെ പതിനായിരത്തിലേറെ വോട്ടിനു പിന്നിലായതിനാല്‍ 3 പഞ്ചായത്തുകളില്‍ മുന്നിലെത്തിയാലും ഇടതുമുന്നണിക്കു വിജയപ്രതീക്ഷ ഏറെ അകലെയാണ്. നഗരസഭയില്‍ ഏഴായിരത്തിലധികം വോട്ടിന്റെ ലീഡ് നേടിയാല്‍ മാത്രമെ ബിജെപിക്ക് വിജയപ്രതീക്ഷ നിലനിര്‍ത്താന്‍ കഴിയൂ. എന്നാല്‍ ഇത്തവണ ഉറച്ച വോട്ടുകള്‍ പോലും ബിജെപിക്ക് പോള്‍ ചെയ്തിട്ടില്ല.
മുനിസിപ്പാലിറ്റിയിലടക്കം യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളില്‍ പോളിങ് കുറഞ്ഞിട്ടില്ല. എന്നാല്‍ ബിജെപിയുടേത് എന്ന് പറയപ്പെടുന്ന മേഖലകളില്‍ 8% പോളിംഗ് കുറവ് രേഖപ്പെടുത്തി. മാത്തൂരും- കണ്ണാടിയിലും വോട്ട് കൂടിയതിന് അനുസരിച്ചുള്ള പോളിംഗ് ശതമാനത്തിലെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ – ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ ലഭിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിക്കും. ഇതുതന്നെയാണ് അവസാനഘട്ട കണക്കുകളിലും പ്രകടമാകുന്നത്.