പാലക്കാട് ഉപതിരഞ്ഞെടുപ്പ് ; ഇന്ന് നിശബ്ദപ്രചാരണം, വിധിയെഴുത്ത് നാളെ

Jaihind Webdesk
Tuesday, November 19, 2024


പാലക്കാട് : കൊട്ടിക്കലാശത്തിന്റെ അവസാനം വരെ ആവേശത്തിരയൊഴുകിയ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍, ജനം നാളെ വിധിയെഴുതും. ഇന്നലെ വൈകുന്നേരം ആറോടെ പരസ്യ പ്രചാരണം അവസാനിച്ചു. നിശബ്ദപ്രചാരണത്തിന്റെ ദിവസമായ ഇന്ന് പരമാവധി വീടുകളിലേക്ക് എത്തുക എന്നതാകും മൂന്ന് സ്ഥാനാര്‍ത്ഥികളുടെയും ലക്ഷ്യം.

1,94,706 വോട്ടര്‍മാരാണ് ബുധനാഴ്ച വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍ 2306 പേര്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 2445 പേര്‍ 18-19 വയസ്സുകാരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്ജെന്‍ഡേഴ്സും ആണ്. 229 ആണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവാസി വോട്ടര്‍മാരുടെ എണ്ണം.

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിര്‍ദ്ദിഷ്ട പോളിങ് സ്റ്റേഷനുകള്‍ക്കും വോട്ടെടുപ്പ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രമായ ഗവ.വിക്ടോറിയ കോളേജിനും ഇന്ന് (നവംബര്‍ 19) അവധി ആയിരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥകൂടിയായ ജില്ലാ കളക്ടര്‍ ഡോ എസ് ചിത്ര അറിയിച്ചു.