പാലായില്‍ ഭിന്നത രൂക്ഷം ; വിട്ടുവീഴ്ചക്കില്ലെന്ന് ടി.പി. പീതാംബരന്‍ ; എല്‍ഡിഎഫ് യോഗത്തിനെത്താതെ കാപ്പന്‍

Jaihind News Bureau
Wednesday, January 27, 2021

 

തിരുവനന്തപുരം: പാലാ സീറ്റിനെച്ചൊല്ലി  ഇടുതുമുന്നണിയില്‍ പോര് കനക്കുന്നു. ഇടതുമുന്നണി യോഗത്തില്‍ നിന്നും മാണി.സി. കാപ്പന്‍ വിട്ടുനിന്നു. എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാത്രമാവും  മുന്നണിയില്‍ തുടരണോയെന്ന കാര്യത്തില്‍ കാപ്പന്‍ തീരുമാനമെടുക്കുക.  പാലാ സീറ്റിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി. സിറ്റിംഗ് സീറ്റുകൾ വിട്ടുകൊടുക്കുന്ന കീഴ്വഴക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടതുമുന്നണിയിലേക്ക് എത്തിയ ജോസ്.കെ.മാണിക്ക് പാലാ സീറ്റ് നല്‍കാന്‍ തത്വത്തില്‍ ധാരണയായതോടെയാണ് എന്‍.സി.പി ഔദ്യോഗിക പക്ഷം ഇടഞ്ഞു നില്‍ക്കുന്നത്.  മന്ത്രി എ.കെ ശശീന്ദ്രന്‍ തന്‍റെ വസതിയില്‍ പാര്‍ട്ടി യോഗം വിളിച്ചതിലും ഇവര്‍ക്ക് അമര്‍ഷമുണ്ട്. പാലായ്ക്ക് പുറമേ സി.പി.ഐയുടെ സീറ്റായ കാഞ്ഞിരപ്പള്ളിയും ഏറ്റെടുത്ത് ജോസ് പക്ഷത്തിന് നല്‍കാനാണ് സി.പി.എം തീരുമാനം.

ഇതിനോട് സി.പി.ഐ ജില്ലാ നേതൃത്വം തുടക്കത്തില്‍ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും പാര്‍ട്ടി സംസ്ഥാന നേതൃത്വം വിഷയത്തില്‍ മനസ് തുറന്നിട്ടില്ല. കാഞ്ഞിരപ്പള്ളിക്ക് പകരം പൂഞ്ഞാര്‍ സി.പി.ഐക്ക് നല്‍കി സമവായമുണ്ടാക്കാനാണ് സി.പി.എം നീക്കം. ഇതിനിടെ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന മന്ത്രി എ.കെ ശശീന്ദ്രന്റെ എലത്തുര്‍ സീറ്റ് ഏറ്റെടുക്കാനും സി.പി.എമ്മില്‍ ആലോചനയുണ്ട്.