പാലാ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 23ന്

Jaihind Webdesk
Sunday, August 25, 2019

തിരുവനന്തപുരം: പാലാ നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 23ന് നടക്കും. 27 നാണ് ഫലപ്രഖ്യാപനം. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ കോട്ടയം ജില്ലയിൽ പെരുമറ്റച്ചട്ടവും നിലവിൽ വന്നു.

കെ.എം മാണിയുടെ നിര്യാണത്തെ തുടർന്നാണ് പാലാ നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്തംബർ 23നാണ് വോട്ടെടുപ്പ്. സെപ്തംബര്‍ നാല് വരെ നാമനിര്‍ദേശ പത്രിക സമർപ്പിക്കാം. അഞ്ചിന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. സെപ്തംബര്‍ ഏഴ് ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. സെപ്റ്റംബർ 27 നാണ് ഫലപ്രഖ്യാപനം.

ഛത്തിസ്ഗഢ്, ത്രിപുര , ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന് ഒപ്പമാണ് പാലയിലും തെരഞ്ഞെടുപ്പ് നടക്കുന്നത്. സ്ഥാനാർത്ഥി നിർണയത്തിനും തെരഞ്ഞടുപ്പ് പ്രചരണത്തിനുമായി വളരെ കുറച്ച്‌ സമയം മാത്രമാണ് മുന്നണികൾക്ക് മുന്നിലുള്ളത്. യു.ഡി.എഫിന്‍റെ സുരക്ഷിത മണ്ഡലങ്ങളില്‍ ഒന്നായാണ് പാലാ അറിയപ്പെടുന്നത്. കേരള കോൺഗ്രസ് എമ്മിന്‍റെ സ്ഥിരം സീറ്റ് കൂടിയാണ് ഇവിടം. അതുകൊണ്ട് തന്നെ ഇത്തവണയും കേരള കോൺഗ്രസ് എം സ്ഥാനാർത്ഥി തന്നെയാകും പാലായിൽ മസരിക്കുക. ഇടതു മുന്നണിയെ പ്രതിനിധീകരിച്ച് എൻ.സി.പി സ്ഥാനാർത്ഥിയാണ് മുൻ കാലങ്ങളിൽ ഇവിടെ മത്സരിച്ചിരുന്നത്. ഇത്തവണയും എൻ.സി.പിക്ക് തന്നെ സീറ്റ് നൽകാനാണ് സാധ്യത.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ തകര്‍ച്ച നേരിട്ട എല്‍.ഡി.എഫിനെ സംബന്ധിച്ച് അഗ്നിപരീക്ഷയാണ് പാലാ ഉപതെരഞ്ഞെടുപ്പ്. പാലായിലും വലിയ തിരിച്ചടി നേരിട്ടാൽ അത് എൽ.ഡി.എഫിന്‍റെയും സർക്കാരിന്‍റെയും പ്രതിഛായയെ വലിയ തോതിൽ ബാധിക്കും എന്ന കാര്യം ഉറപ്പാണ്.