ലണ്ടന്‍: പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും (POK) ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയതിന് ശേഷം പാകിസ്ഥാന്‍ വാര്‍ത്താവിതരണ മന്ത്രി അത്താവുല്ല തരറിനെ തത്സമയ സംപ്രേക്ഷണത്തിനിടെ വെട്ടിലാക്കി സ്‌കൈ ന്യൂസ് അവതാരക യാല്‍ഡ ഹക്കീം. ഭീകരസംഘടനകളെ പിന്തുണച്ച പാകിസ്ഥാന്റെ പഴയ ചരിത്രങ്ങള്‍ നിരത്തിയായിരുന്നു മാദ്ധ്യമപ്രവര്‍ത്തക മന്ത്രിയെ ചോദ്യം ചെയ്തത്.
ഏപ്രില്‍ 22-ന് പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ സായുധ സേന ബുധനാഴ്ച പുലര്‍ച്ചെ അതിര്‍ത്തി കടന്ന് ഒന്‍പത് ലക്ഷ്യസ്ഥാനങ്ങളില്‍ ആക്രമണം നടത്തി. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന് പേരിട്ട ഈ ആക്രമണത്തില്‍ ജെയ്ഷെ-മുഹമ്മദ് (ജെഇഎം), ലഷ്‌കര്‍-ഇ-ത്വയ്ബ (എല്‍ഇടി), ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയ ഭീകരസംഘടനകളുടെ ആസ്ഥാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും മിസൈല്‍ ആക്രമണങ്ങളിലൂടെ തകര്‍ത്തു.
സ്‌കൈ ന്യൂസിലെ പരിപാടിക്കിടെ, ഇന്ത്യ സാധാരണക്കാരെ ലക്ഷ്യമിട്ടുവെന്ന് പാ്ക് മന്ത്രി തരറിന്റെ ആരോപിച്ചു. എന്നാല്‍ ഇന്ത്യന്‍ സായുധ സേന ഭീകരകേന്ദ്രങ്ങള്‍ മാത്രമാണ് ലക്ഷ്യമിട്ടതെന്നും പാകിസ്ഥാന്‍ സൈനിക കേന്ദ്രങ്ങളെയല്ലെന്നും വ്യക്തമാക്കിയിട്ടുണ്ടെന്നുള്ള വസ്്തുക യാല്‍ഡ ഹക്കീം മറുപടി നല്‍കി. എന്നാല്‍ തരര്‍ ഇത് നിഷേധിച്ചു: ‘ഞാന്‍ വ്യക്തമാക്കുകയാണ് , പാകിസ്ഥാനില്‍ ഭീകരകേന്ദ്രങ്ങളില്ല. പാകിസ്ഥാന്‍ ഭീകരവാദത്തിന്റെ ഇരയാണ്. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഞങ്ങള്‍ മുന്‍നിരയിലാണ്. ‘
എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇതുപോലെ ഒരു തത്സമയ പരിപാടിയില്‍ പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ചൂണ്ടിക്കാട്ടി ഹക്കീം തരറിനെ വെല്ലുവിളിച്ചു. ‘എന്റെ പരിപാടിയില്‍, ഒരാഴ്ച മുന്‍പ്, നിങ്ങളുടെ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്, പതിറ്റാണ്ടുകളായി പാകിസ്ഥാന്‍ ഭീകരസംഘടനകള്‍ക്ക് പണം നല്‍കുകയും പിന്തുണയ്ക്കുകയും അവരെ രാജ്യത്ത് പ്രോക്‌സികളായി ഉപയോഗിക്കുകയും ചെയ്തിരുന്നുവെന്ന് സമ്മതിച്ചിരുന്നു,’ ഹക്കീം പറഞ്ഞു. ‘2018-ല്‍, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാകിസ്ഥാന് നല്‍കിയിരുന്ന സൈനിക സഹായം നിര്‍ത്തിവച്ചത് പാകിസ്ഥാന്‍ ഇരട്ടത്താപ്പ് കളിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു. അവര്‍ തുടര്‍ന്നു: ‘അതുകൊണ്ട്, പാകിസ്ഥാനില്‍ ഭീകരകേന്ദ്രങ്ങളില്ലെന്ന് നിങ്ങള്‍ പറയുമ്പോള്‍, അത് ജനറല്‍ പര്‍വേസ് മുഷറഫ് പറഞ്ഞതിനും, ബേനസീര്‍ ഭൂട്ടോ പറഞ്ഞതിനും, ഒരാഴ്ച മുന്‍പ് നിങ്ങളുടെ പ്രതിരോധ മന്ത്രി പറഞ്ഞതിനും വിരുദ്ധമാണ്.’
മറുപടി പറയാന്‍ പാടുപെട്ട തരര്‍ പിന്നീട് ഇങ്ങനെ പറഞ്ഞു: ‘പാകിസ്ഥാന്‍ ലോകസമാധാനം ഉറപ്പു നല്‍കുന്ന രാജ്യമാണ്.’ തുടര്‍ന്ന് അദ്ദേഹം മാദ്ധ്യമപ്രവര്‍ത്തകയെ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു. ‘ഞാന്‍ പാകിസ്ഥാനില്‍ പോയിട്ടുണ്ട്,’ ഹക്കീം മറുപടി നല്‍കി. ‘ഒസാമ ബിന്‍ ലാദനെ പാകിസ്ഥാനിലെ അബോട്ടാബാദില്‍ നിന്നാണ് കണ്ടെത്തിയതെന്നും ഞങ്ങള്‍ക്കറിയാം. ഹക്കിം തിരിച്ചടിച്ചു.
ഇന്ത്യയെ ‘പ്രകോപനപരവും ആക്രമണകാരിയും’ എന്ന് വിശേഷിപ്പിച്ച തരര്‍, പാകിസ്ഥാന്‍ സ്വന്തം പ്രദേശം സംരക്ഷിക്കുമെന്നും മിസൈല്‍ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തയ്യാറെടുക്കുകയാണെന്നും അവകാശപ്പെട്ടു.
പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇന്ത്യയുടെ സൈനിക നടപടിയെ ‘യുദ്ധപ്രഖ്യാപനം’ എന്ന് അപലപിക്കുകയും ‘തക്കതായ മറുപടി’ നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പഞ്ചാബിലെയും പാക് അധീന കശ്മീരിലെയും നഗരങ്ങളില്‍ നടന്ന മിസൈല്‍ ആക്രമണത്തില്‍ എട്ട് പേരെങ്കിലും കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പാക് സൈന്യം അവകാശപ്പെട്ടു. എന്നാല്‍, ഓപ്പറേഷനില്‍ 80 ഭീകരരെങ്കിലും കൊല്ലപ്പെട്ടതായി ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.