ഹിമാചല്‍ പ്രദേശ് രാജ്ഭവനില്‍ 1972ലെ ചരിത്രപ്രസിദ്ധമായ ഷിംല കരാര്‍ ഒപ്പുവെക്കുന്നതുമായി ബന്ധപ്പെട്ട പ്രദര്‍ശനത്തില്‍ നിന്ന് പാകിസ്ഥാന്‍ പതാക നീക്കം ചെയ്തു. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും പാകിസ്ഥാന്‍ പ്രസിഡന്റ് സുല്‍ഫിക്കര്‍ അലി ഭൂട്ടോയും തമ്മില്‍ ഒപ്പുവെച്ച കരാറിന്റെ ഓര്‍മ്മകള്‍ സൂക്ഷിക്കുന്നിടത്താണ് ഈ മാറ്റം.
കരാറില്‍ ഭൂട്ടോ ഒപ്പുവെക്കുന്നതും സമീപം ഇന്ദിരാ ഗാന്ധി ഇരിക്കുന്നതുമായ ചിത്രം മേശപ്പുറത്ത് സൂക്ഷിച്ചിരുന്നു. ഇതിന് പിന്നിലെ ഭിത്തിയില്‍ 1972ലെ ഇന്ത്യ-പാകിസ്ഥാന്‍ ഉച്ചകോടിയുടെ മറ്റ് ചിത്രങ്ങളും തൂക്കിയിട്ടുണ്ട്. എപ്പോഴാണ് പതാക നീക്കം ചെയ്തതെന്ന് വ്യക്തമല്ലെങ്കിലും, അയല്‍രാജ്യത്തിന്റെ പതാക ‘മേശപ്പുറത്ത് ഇല്ല’ എന്ന് രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
കരാര്‍ ഒപ്പുവെക്കുന്നത് റിപ്പോര്‍ട്ട് ചെയ്ത ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വെള്ളിയാഴ്ച പിടിഐയോട് പറഞ്ഞത്, ഏകദേശം 53 വര്‍ഷം പഴക്കമുള്ള ഈ കരാര്‍ തര്‍ക്കവിഷയങ്ങളെല്ലാം ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും നിയന്ത്രണരേഖയില്‍ (LoC) സമാധാനം നിലനിര്‍ത്തണമെന്നും ഊന്നിപ്പറഞ്ഞിരുന്നു എന്നാണ്.
‘എങ്കിലും, പാകിസ്ഥാന്‍ ഇത് നിരന്തരം ലംഘിച്ചു. പതാക നീക്കം ചെയ്താലും പ്രത്യാഘാതങ്ങളൊന്നും ഉണ്ടാകില്ല, കാരണം കരാര്‍ മുന്‍പ് പലതവണ പാകിസ്ഥാന്‍ ലംഘിച്ചിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു. കരാറിന്റെ ലംഘനങ്ങള്‍ കാരണം അതിന് ഇപ്പോള്‍ വലിയ പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ പൂര്‍ണ്ണ നിയന്ത്രണത്തിലിരുന്ന സമയത്താണ് കരാര്‍ ഒപ്പുവെച്ചത്. 90,000 യുദ്ധത്തടവുകാരെ വിട്ടയക്കാനും യുദ്ധത്തില്‍ ഇന്ത്യ പിടിച്ചെടുത്ത 13,000 ചതുരശ്ര കിലോമീറ്റര്‍ ഭൂമി തിരികെ നല്‍കാനും സമ്മതിച്ചത് ‘വലിയൊരു അബദ്ധമായിരുന്നു’ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.