വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍; ജമ്മുവില്‍ സ്‌ഫോടന ശബ്ദമെന്ന് ഒമർ അബ്ദുള്ള

Jaihind News Bureau
Sunday, May 11, 2025


വെടിനിര്‍ത്തലിന് പിന്നാലെ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ശ്രീനഗറില്‍ സ്‌ഫോടന ശബ്ദം കേട്ടെന്നും വെടിനിര്‍ത്തല്‍ എവിടെയെന്നും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു. ഉദംപുരില്‍ പാകിസ്ഥാനി ഡ്രോണ്‍ ആക്രമണ ശ്രമം വ്യോമസേന പരാജയപ്പെടുത്തിയതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തലിന് ധാരണയായത്.

അതേ സമയം ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലില്‍ മധ്യസ്ഥത വഹിച്ചെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക് റൂബിയോയുടെയും അവകാശവാദം തള്ളി കേന്ദ്ര സര്‍ക്കാര്‍. വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ച പാകിസ്ഥാനുമായി നേരിട്ടാണ് നടത്തിയതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു. ഒരു നിഷ്പക്ഷ സ്ഥലത്ത് ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തുമെന്ന മാര്‍ക് റൂബിയോയുടെ അവകാശവാദത്തിലും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. മറ്റേതെങ്കിലും സ്ഥലത്ത് മറ്റ് വിഷയങ്ങളില്‍ ചര്‍ച്ച നടത്താന്‍ തീരുമാനമായിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് തലത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വെടിനിര്‍ത്തലെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3:30-ന് പാക് ഡിജിഎംഒ ഇന്ത്യന്‍ ഡിജിഎംഒയെ വിളിക്കുകയായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.