കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പാകിസ്ഥാന്‍ ഭീകരസംഘടനകളെ പിന്തുണയ്ക്കുകയും പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് സമ്മതിച്ച് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. എന്നാല്‍, ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം അമേരിക്കയ്ക്കും മറ്റ് പാശ്ചാത്യ രാജ്യങ്ങള്‍ക്കുമാണെന്നും അദ്ദേഹം ആരോപിച്ചു. പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാന് പങ്കുണ്ടെന്ന് ഇന്ത്യ ആരോപിക്കുന്ന സമയത്താണ്, ഇന്ത്യയുടെ ദീര്‍ഘകാലമായുള്ള വാദങ്ങളെ ശരിവെക്കുന്ന ഖ്വാജ ആസിഫിന്റെ ഈ വെളിപ്പെടുത്തല്‍.
ബ്രിട്ടീഷ് വാര്‍ത്താ ചാനലായ സ്‌കൈ ന്യൂസിനോടാണ് ആസിഫിന്റെ തുറന്നു പറച്ചില്‍. മാധ്യമപ്രവര്‍ത്തക യാല്‍ദ ഹാക്കിമുമായുള്ള അഭിമുഖത്തില്‍, ഭീകരസംഘടനകളെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്റെ ചരിത്രത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി അമേരിക്കയ്ക്കും ബ്രിട്ടണ്‍ ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്കും വേണ്ടി ഞങ്ങള്‍ ഈ മോശപ്പെട്ട ജോലി ചെയ്യുകയായിരുന്നു,’ ഖ്വാജ ആസിഫ് പറഞ്ഞു.
എന്നാല്‍, അതൊരു തെറ്റായിരുന്നുവെന്നും അതിന്റെ ദുരിതം പാകിസ്ഥാന്‍ അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘സോവിയറ്റ് യൂണിയനെതിരായ യുദ്ധത്തിലും പിന്നീട് 9/11 ഭീകരാക്രമണത്തിന് ശേഷമുള്ള യുദ്ധത്തിലും ഞങ്ങള്‍ പങ്കുചേര്‍ന്നില്ലായിരുന്നെങ്കില്‍ പാകിസ്ഥാന് കളങ്കമില്ലാത്ത ഒരു ചരിത്രം ഉണ്ടാകുമായിരുന്നു,’ മന്ത്രി പറഞ്ഞു. ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയനെതിരെ പാകിസ്ഥാന്‍ അമേരിക്കയെ പിന്തുണച്ചിരുന്നു. 2001 സെപ്റ്റംബര്‍ 11-ന് ന്യൂയോര്‍ക്കില്‍ അല്‍-ഖ്വയ്ദ നടത്തിയ ഭീകരാക്രമണത്തിന് ശേഷം അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ അധിനിവേശത്തിനും പാകിസ്ഥാന്‍ പിന്തുണ നല്‍കി. അഫ്ഗാനിസ്ഥാനില്‍ സോവിയറ്റ് യൂണിയനെതിരെ പോരാടാന്‍ അമേരിക്ക ഭീകരരെ ‘പകരക്കാരായി’ ഉപയോഗിച്ചുവെന്നും ആസിഫ് പറഞ്ഞു.