പാക്കിസ്ഥാന്‍ കയ്യൊഴിയുന്നു; തഹാവൂര്‍ റാണ കാനഡ പൗരനെന്ന് പാക്കിസ്ഥാന്‍

Jaihind News Bureau
Thursday, April 10, 2025

26/11 മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തവരില്‍ ഒരാളായ തഹാവൂര്‍ റാണയെ യുഎസില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിച്ചതോടെ അയാളുടെ പൗരത്വം തള്ളി പാക്കിസ്ഥാന്റെ കുറിപ്പ്. റാണയെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തായേക്കാമെന്ന ആശങ്കയിലാണ് പാക്കിസ്ഥാന്‍. റാണയെ യുഎസില്‍ നിന്ന് ഇന്ത്യയിലേക്ക് കൈമാറിയതിനെത്തുടര്‍ന്ന് പാക്കിസ്ഥാന്റെ ആദ്യ പ്രതികരണമാണിത്.

2008ല്‍ മുംബൈയില്‍ മൂന്ന് ദിവസം നീണ്ടു നിന്ന തീവ്രവാദി ആക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്. പാക്കിസ്ഥാനില്‍ നിന്നെത്തിയ ഈ തീവ്രവാദിസംഘത്തിന്റെ ആക്രമണത്തിലെ പങ്കിനാണ് റാണയെ വിചാരണ ചെയ്യാന്‍ ഇന്ത്യ ഒരുങ്ങുന്നത്. മുംബൈ ആക്രമണത്തില്‍ പിടികൂടിയ അജ്മല്‍ കസബിനെ വിചാരണയ്ക്കു ശേഷം ഇന്ത്യ തൂക്കിക്കൊന്നിരുന്നു. പക്ഷേ ഇയാളുടെ ജഡം ഏറ്റുവാങ്ങാന്‍ പാക്കിസ്ഥാന്‍ തയ്യാറായിരുന്നില്ല. ആക്രമണത്തിനു പിന്നിലുള്ള ഭീകരവാദികള്‍ക്ക് പാക്കിസ്ഥാന്‍ അഭയം നല്‍കുന്ന പരാതി ഇന്ത്യ വളരെ നേരത്തേ തന്നെ ഉന്നയിച്ചുവരുന്നതാണ് . ഈ ആക്രമണത്തിനു ശേഷം പാക്കിസ്ഥാനുമായുള്ള നയതന്ത്രത്തില്‍ വളരെ മാറ്റം വന്നു. ഇപ്പോള്‍ മുംബൈ ആക്രമണത്തില്‍ ആസൂത്രകനായ ഭീകരവാദിയെ ജീവനോടെ പിടികിട്ടി.  റാണയെ ഇന്ത്യയില്‍ എത്തിച്ചതോടെയാണ് പാകിസ്ഥാന്‍ ഇയാളെ തള്ളിപ്പറയുന്നത്.

”കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി തഹാവൂര്‍ റാണ പാകിസ്ഥാന്‍ പൗരത്വ രേഖകള്‍ പുതുക്കിയിട്ടില്ല. അദ്ദേഹത്തിന്റെ കനേഡിയന്‍ പൗരത്വം വളരെ വ്യക്തമാണ്,” എന്നാണ് പാകിസ്ഥാന്‍ വിദേശകാര്യ ഓഫീസിന്റെ ഔദ്യോഗിക പ്രസ്താവന. ഇന്ത്യയില്‍ വിചാരണയ്ക്കിടെ റാണ എന്ത് വെളിപ്പെടുത്തലുകള്‍ നടത്തിയേക്കാമെന്ന ആശങ്ക ഇസ്ലാമാബാദില്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം.

പാകിസ്ഥാന്‍ സൈന്യവുമായും രഹസ്യാന്വേഷണ സേവനങ്ങളുമായും റാണയ്ക്ക് ആഴത്തിലുള്ള ബന്ധമുണ്ടെന്ന് ആഭ്യന്തരവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. പാകിസ്ഥാന്‍ സൈന്യവുമായും ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സുമായും (ഐഎസ്‌ഐ) അടുത്ത ബന്ധമുള്ള ആളാണ് റാണയെന്നും വിശ്വസിക്കപ്പെടുന്നു. 26/11 ആക്രമണം പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദി ഘടകങ്ങളുടെ പിന്തുണയോടെയാണ് ആസൂത്രണം ചെയ്തതെന്ന് ഇന്ത്യ അന്താരാഷ്ട്ര വേദിയില്‍ പലപ്പോഴും ഉന്നയിച്ചു പോരുന്നതാണ്. പാക്കിസഥാനെതിരായ തെളിവുകള്‍ കൈമാറിയിട്ടുമുണ്ട്.

യുഎസില്‍ നിന്ന് ഡല്‍ഹിയിലേക്ക് കൊണ്ടുവന്ന റാണയെ തിഹാര്‍ ജയിലിലടയ്ക്കും.പാകിസ്ഥാന്‍ വംശജനായ കനേഡിയന്‍ പൗരനാണ് ഇയാള്‍ നിലവില്‍. 2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന ഗൂഢാലോചനക്കാരില്‍ ഒരാളായ യുഎസ് പൗരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി എന്ന ദാവൂദ് ഗിലാനിയുടെ അടുത്ത അനുയായിയുമാണ് 64 കാരനായ റാണ.