പാകിസ്ഥാന്‍ പ്രകോപനം തുടരുന്നതിനിടെ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ജമ്മുവിലേക്ക്. ഇന്നലെ രാത്രിയില്‍ പാകിസ്ഥാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണം ഇന്ത്യ ചെറുത്തിരുന്നു. ഇവിടുത്തെ സ്ഥിതിഗതികള്‍ വിലയിരുത്താനായി വെള്ളിയാഴ്ച പുലര്‍ച്ചെ ജമ്മുവിലേക്ക് പുറപ്പെടുകയാണെന്ന് അദ്ദേഹം എക്‌സിലൂടെ അറിയിച്ചു.
‘ഇന്നലെ രാത്രി ജമ്മുവിലും ഡിവിഷന്റെ മറ്റ് ഭാഗങ്ങളിലും പാകിസ്ഥാന്‍ നടത്തിയ പരാജയപ്പെട്ട ഡ്രോാണ്‍ ആക്രമണത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജമ്മുവിലേക്ക് പോകുന്നു’ അദ്ദേഹം എക്സില്‍ കൂറിച്ചു. റോഡ് മാര്‍ഗം ത്രിവര്‍ണ്ണ പതാക പതിപ്പിച്ച കാറിലാണ് യാത്ര.
ജമ്മു, പത്താന്‍കോട്ട്, ഉദംപൂര്‍ തുടങ്ങി നിരവധി സ്ഥലങ്ങളിലെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാനുള്ള പാകിസ്ഥാന്‍ സൈന്യത്തിന്റെ ശ്രമം വ്യാഴാഴ്ച രാത്രി ഇന്ത്യ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നിര്‍വീര്യമാക്കി. ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച സ്‌കൂളുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് അടുത്ത രണ്ട് ദിവസത്തേക്ക് സ്‌കൂളുകള്‍ അടച്ചിടാന്‍ ജമ്മു കശ്മീര്‍ വിദ്യാഭ്യാസ മന്ത്രി സക്കീന ഇറ്റൂ വ്യാഴാഴ്ച ഉത്തരവിട്ടു.