അതിര്‍ത്തിയില്‍ പാക് സൈനിക നീക്കം തുടങ്ങി; കാര്‍ഗിലിന് ശേഷം കരയുദ്ധത്തിനുള്ള ആദ്യ വിന്യാസമെന്ന് ഇന്ത്യ

Jaihind News Bureau
Saturday, May 10, 2025

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ അതിര്‍ത്തിയിലെ സൈനികരെ മുന്നണിയിലേക്ക് നീക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍. 1999-ലെ കാര്‍ഗില്‍ യുദ്ധത്തിനു ശേഷമുള്ള ആദ്യത്തെ വലിയ സൈനിക വിന്യാസമാണിതെന്നും എന്നാല്‍ ഇന്ത്യന്‍ സൈന്യം പൂര്‍ണ്ണ സജ്ജവും ജാഗ്രതയിലുമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. നാല് സംസ്ഥാനങ്ങളിലായി 26 സൈനിക കേന്ദ്രങ്ങളിലും സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ പാകിസ്ഥാന്‍ ആക്രമണം നടത്തിയതിന് മറുപടിയായി ഇന്ത്യ ആറ് പാക് വ്യോമതാവളങ്ങളില്‍ കൃത്യമായ ആക്രമണം നടത്തിയെന്നും സര്‍ക്കാര്‍ ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

പാകിസ്ഥാന്റെ സൈനിക നീക്കം ആക്രമണോത്സുകമായ കരയുദ്ധത്തിനുള്ള ഉദ്ദേശ്യത്തോടെയുള്ളതാണെന്ന് സംഘര്‍ഷത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്ന സര്‍ക്കാര്‍ വക്താക്കളായ വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗും കേണല്‍ സോഫിയ ഖുറേഷിയും പറഞ്ഞു. ‘പാക് സൈന്യം അതിര്‍ത്തി പ്രദേശങ്ങളിലേക്ക് സൈനികരെ നീക്കുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാനുള്ള അവരുടെ നീക്കത്തെയാണ് സൂചിപ്പിക്കുന്നത്. എന്നിരുന്നാലും, ഇന്ത്യന്‍ സായുധ സേന ഉയര്‍ന്ന പ്രവര്‍ത്തന സന്നദ്ധതയിലാണ്, എല്ലാ ശത്രുതാപരമായ നടപടികളെയും ഫലപ്രദമായി പ്രതിരോധിക്കുകയും ഉചിതമായി മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്,’ കേണല്‍ ഖുറേഷി പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെ, ‘ഓപ്പറേഷന്‍ ബുന്‍യാനുല്‍ മര്‍സൂസ്’ എന്ന പേരില്‍ പാകിസ്ഥാന്‍ ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങളിലും സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങളിലും ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്തി. ഡ്രോണുകള്‍, ദീര്‍ഘദൂര ആയുധങ്ങള്‍, ലോയിറ്ററിംഗ് യുദ്ധോപകരണങ്ങള്‍ (loitering munitions), യുദ്ധവിമാനങ്ങള്‍ എന്നിവ പാകിസ്ഥാന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഉപയോഗിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.ഒരു വ്യോമസേനാ താവളത്തില്‍ ചില ചെറിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പഞ്ചാബിലെ ഒരു വ്യോമതാവളം ആക്രമിക്കാന്‍ ‘അതിവേഗ മിസൈല്‍’ ഉപയോഗിച്ചതായും സര്‍ക്കാര്‍ അറിയിച്ചു. നേരത്തെ, സിര്‍സയില്‍ പാകിസ്ഥാന്റെ ഫത്തേ-2 സര്‍ഫേസ്-ടു-സര്‍ഫേസ് മിസൈല്‍ ഇന്ത്യ വിജയകരമായി തടഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശ്രീനഗര്‍, അവന്തിപ്പുര്‍, ഉധംപൂര്‍ എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളിലെ ആശുപത്രികളും സ്‌കൂള്‍ പരിസരങ്ങളും പാകിസ്ഥാന്‍ ലക്ഷ്യമിട്ടത് അപലപനീയമായ നടപടിയാണെന്ന് സര്‍ക്കാര്‍ വിശേഷിപ്പിച്ചു. ‘സിവിലിയന്‍ കേന്ദ്രങ്ങളെ ആക്രമിക്കുന്ന അവരുടെ നിരുത്തരവാദപരമായ പ്രവണത ഇത് വീണ്ടും വെളിപ്പെടുത്തി,’ കേണല്‍ സോഫിയ ഖുറേഷി കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാനിലെ 6 വ്യോമതാവളങ്ങള്‍ ആക്രമിച്ചു

ഇതിന് മറുപടിയായി, ഇന്ത്യന്‍ സായുധ സേന പാകിസ്ഥാനിലെ സാങ്കേതിക കേന്ദ്രങ്ങള്‍, കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകള്‍, റഡാര്‍ സൈറ്റുകള്‍, ആയുധപ്പുരകള്‍ എന്നിവ ലക്ഷ്യമാക്കി ആക്രമണം നടത്തി. ഏറ്റവും കുറഞ്ഞ സിവിലിയന്‍ നാശനഷ്ടങ്ങള്‍ ഉറപ്പാക്കിയായിരുന്നു ഈ നീക്കം. ‘റഫീഖി, മുരിദ്, ചക്ലാല, റഹീം യാര്‍ ഖാന്‍, സുക്കൂര്‍, ചുനിയന്‍ എന്നിവിടങ്ങളിലെ പാക് സൈനിക താവളങ്ങള്‍ കൃത്യമായി യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ലക്ഷ്യമിട്ടു. പസ്‌റൂറിലെ റഡാര്‍ സൈറ്റുകളും സിയാല്‍കോട്ടിലെ ഒരു വ്യോമയാന കേന്ദ്രവും ആക്രമിക്കപ്പെട്ടു,’ സര്‍ക്കാര്‍ അറിയിച്ചു. പാകിസ്ഥാന്‍ സൈന്യം പ്രകോപനം അവസാനിപ്പിച്ചാല്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് സര്‍ക്കാര്‍ വീണ്ടും ആവര്‍ത്തിച്ചു.

ഏപ്രില്‍ 22-ന് 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ബുധനാഴ്ച അതിര്‍ത്തി കടന്ന് ഒമ്പത് ഭീകര ക്യാമ്പുകള്‍ തകര്‍ത്ത ‘ഓപ്പറേഷന്‍ സിന്ദൂര്‍’ നടത്തിയതിന് പിന്നാലെയാണ് പാകിസ്ഥാന്റെ ഈ പ്രകോപനപരമായ നീക്കങ്ങള്‍.