കടം കുതിച്ചുയരുന്നതിനിടയില്‍ സൈനിക ബജറ്റ് വര്‍ദ്ധിപ്പിക്കാന്‍ പാകിസ്ഥാന്‍. പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ സൈനിക നീക്കമായ ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ഐഎംഎഫ് മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് പ്രതിരോധ ബജറ്റ് വര്‍ദ്ധിപ്പിക്കാനുള്ള പാക് നീക്കം.
പാകിസ്ഥാനില്‍ ദാരിദ്ര്യവും തൊഴിലില്ലായ്മയും വര്‍ദ്ധിക്കുകയാണ്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനോ പൊതുനന്മയ്ക്കോ പകരം സൈന്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പാക് തീരുമാനം. അടുത്ത സാമ്പത്തിക വര്‍ഷം പ്രതിരോധ ബജറ്റ് 18 ശതമാനം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. ഇതിലൂടെ പൊതുചെലവ് ചുരുക്കേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത്.
പാക് ജിഡിപിയുടെ നല്ലൊരു ഭാഗവും സൈന്യമാണ് വിനിയോഗിക്കുന്നത്. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇത് ജിഡിപിയുടെ 2.3 ശതമാനമായിരുന്നു. സാമ്പത്തിക വര്‍ഷം 2017നും 2025നും ഇടയില്‍ സൈന്യത്തിന്റെ ബഡ്ജറ്റില്‍ 12.6 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്, ഇന്ത്യയുടേത് എട്ട് ശതമാനവും. അതേസമയം, പാകിസ്ഥാനിലെ വിദ്യാഭ്യാസ മേഖലയിലുണ്ടായത് ജിഡിപിയുടെ രണ്ട് ശതമാനം വളര്‍ച്ചയും ആരോഗ്യമേഖലയിലുണ്ടായത് 1.3 ശതമാനം വളര്‍ച്ചയും മാത്രമാണ്.