സൈനിക നേതൃത്വ-തീവ്രവാദി കൂട്ടുകെട്ടു കൈമാറുന്ന കള്ളക്കഥകള്‍ പാക്കിസ്ഥാന്‍ പ്രചരിപ്പിക്കുന്നതായി ഇന്ത്യ. യു എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ജമ്മു കശ്മീര്‍ വിഷയം ഉന്നയിച്ചതിന് മറുപടി നല്‍കുകയായിരുന്നു ഇന്ത്യ. ജനീവയില്‍ ചേര്‍ന്ന യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ ഉന്നതതല യോഗത്തിലാണ് പാക്കിസ്ഥാന്‍ നടപടി ആവര്‍ത്തിച്ചത്. അന്താരാഷ്ട്ര സഹായം കൊണ്ടു ജീവിക്കുന്ന പരാജയപ്പെട്ട ഒരു രാഷ്ട്രമാണ് പാക്കിസ്ഥാനെന്ന് ഇന്ത്യന്‍ കൗണ്‍സിലര്‍ ക്ഷിതിജ് ത്യാഗി കുറ്റപ്പെടുത്തി.
സൈനിക-ഭീകരവാദ കൂട്ടുകെട്ടുകള്‍ കൈമാറിയ വ്യാജവാര്‍ത്തകള്‍ പാകിസ്ഥാന്റെ നേതാക്കളും പ്രതിനിധികളും പ്രചരിപ്പിക്കുന്നത് തുടരുകയാണ്. അതില്‍ പക്ഷേ അതിയശയമില്ല. ജനീവയിലെ യുഎന്നിലെ ഇന്ത്യയുടെ കൗണ്‍സിലര്‍ ക്ഷിതിജ് ത്യാഗി പറഞ്ഞു. അന്തര്‍ദേശീയ സഹായങ്ങളില്‍ അതിജീവിക്കുന്ന പരാജയപ്പെട്ട ഒരു ഭരണകൂടത്തിനു വേണ്ടി മനുഷ്യാവകാശ കൗണ്‍സിലിന്റെ സമയം പാഴാക്കുന്നതു നിര്‍ഭാഗ്യകരമാണ്. അതിന്റെ വാചകമടി കാപട്യം നിറഞ്ഞതാണ്; പ്രവൃത്തികള്‍, മനുഷ്യത്വരഹിതവും. ത്യാഗി ആഞ്ഞടിച്ചു.
പാകിസ്ഥാന്‍ സ്പോണ്‍സേര്‍ഡ് ഭീകരപ്രവര്‍ത്തനങ്ങളുടെ ഇരയാണ് ഇന്ത്യ . ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ ഇന്ത്യയുടെ അവിഭാജ്യമായ ഘടകമാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജമ്മു കശ്മീരിലെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക പുരോഗതി റിപ്പോര്‍ട്ടുകള്‍ സ്വയം സംസാരിക്കുന്നവയാണ്. ത്യാഗി പറഞ്ഞു. ഭീകരര്‍ക്ക് അഭയം നല്‍കുന്ന രാജ്യമെന്ന നിലയില്‍, പാകിസ്ഥാന്റെ വാക്കുകളില്‍ നിറഞ്ഞിരിക്കുന്നത് കാപട്യമാണ്, അവര്‍ ആരേയും പഠിപ്പിക്കാന്‍ വരേണ്ട. അദ്ദേഹം തുറന്നടിച്ചു. ഇന്ത്യയോടുള്ള അനാരോഗ്യകരമായ വൈരത്തിനു പകരം, സ്വന്തം ജനങ്ങള്‍ക്ക് യഥാര്‍ത്ഥ ഭരണവും നീതിയും നല്‍കുന്നതില്‍ പാകിസ്ഥാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുക അദ്ദേഹം പറഞ്ഞു.
മനുഷ്യാവകാശ ലംഘനങ്ങളും ന്യൂനപക്ഷ പീഡനങ്ങളും മുഖമുദ്രയാക്കിയ ഭരണകൂടം എന്ന നിലയില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍ (ഒഐസി)യെ പോലും പാക്കിസ്ഥാന്‍ ദുരുപയോഗം ചെയ്യുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി