സ്വന്തം പൗരന്മാര്‍ക്ക് മുന്നില്‍ അതിര്‍ത്തി അടച്ച് പാകിസ്ഥാന്‍; ഇന്ത്യയില്‍ നിന്നുള്ള പാക് പൗരന്മാരെ പ്രവേശിപ്പിക്കാതെ ഗേറ്റടച്ചു

Jaihind News Bureau
Thursday, May 1, 2025

ഇന്ത്യയില്‍ താമസിച്ചിരുന്ന പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് രാജ്യത്തേക്ക് തിരികെ പ്രവേശിക്കുന്നതിന് അനുമതി നല്‍കാതെ അതിര്‍ത്തി പോസ്റ്റുകള്‍ അടച്ചതായി റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ സ്വന്തം പൗരന്മാരെ ഇന്ത്യയില്‍ നിന്ന് സ്വീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഇത് ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന നിരവധി പാക് പൗരന്മാരെ ആശങ്കയിലാക്കിയിട്ടുണ്ട്.

വാഗാ-അട്ടാരി പോലുള്ള പ്രധാന അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് സൂചന. ഇന്ത്യ സന്ദര്‍ശിക്കാനെത്തിയവരും വിവിധ കാരണങ്ങളാല്‍ ഇവിടെ താമസിക്കുന്നവരുമായ പാക് പൗരന്മാര്‍ക്ക് ഇതോടെ സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.
എന്ത് കാരണത്താലാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍ ഇത്തരമൊരു അസാധാരണ നടപടി സ്വീകരിച്ചതെന്ന് വ്യക്തമല്ല. സാധാരണയായി, ഒരു രാജ്യം സ്വന്തം പൗരന്മാര്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് പതിവില്ല. പാകിസ്ഥാന്‍ അധികൃതര്‍ ഈ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇതിനിടെ ഏപ്രില്‍ 30-ന് അട്ടാരി-വാഗ ഇന്ത്യന്‍ അതിര്‍ത്തി അടയ്ക്കുമെന്ന മുന്‍ ഉത്തരവ് ഭാഗികമായി ഭേദഗതി ചെയ്ത് ഇന്ത്യ ഉത്തരവിറക്കി. പാകിസ്ഥാനിലേക്ക് മടങ്ങാന്‍ കൂടുതല്‍ സാവകാശം അനുവദിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മാനുഷിക കാരണങ്ങളാല്‍ അവര്‍ക്ക് തുടരാമെന്നാണ് പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നത്. ഇതില്‍ തീയതി നിശ്ചയിക്കപ്പെട്ടിട്ടില്ല.

അതിര്‍ത്തി ഗേറ്റുകള്‍ സ്വന്തം പൗരന്മാര്‍ക്കു നേരേ അടച്ച തീരുമാനം ഇന്ത്യയിലുള്ള പാക് പൗരന്മാര്‍ക്കിടയില്‍ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വിസ കാലാവധി തീര്‍ന്നവരും അടിയന്തരമായി നാട്ടിലേക്ക് മടങ്ങേണ്ടവരും ഇക്കൂട്ടത്തിലുണ്ട്. എപ്പോള്‍ രാജ്യത്തേക്ക് പ്രവേശിപ്പിക്കുമെന്നോ ഈ പ്രതിസന്ധി എപ്പോള്‍ അവസാനിക്കുമെന്നോ അറിയാതെ അനിശ്ചിതത്വത്തിലാണ് പലരും. പഹല്‍ ഗാം തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വഷളായ നയതന്ത്രബന്ധങ്ങളാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് സംശയിക്കുന്നുണ്ട്. എന്നാല്‍, സ്വന്തം പൗരന്മാരെ സ്വീകരിക്കാതിരിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള നടപടിയാണ്.

വിഷയത്തില്‍ വ്യക്തത വരുത്താനും ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരുടെ മടക്കം സാധ്യമാക്കാനും പാകിസ്ഥാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയരുന്നുണ്ട്.