ഇസ്ലാമാബാദിലുള്ള ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥനെ പാകിസ്താന്‍ പുറത്താക്കി. 24 മണിക്കൂറിനുള്ളില്‍ രാജ്യംവിടാനാണ് നിര്‍ദേശം കൊടുത്തിരുക്കുന്നത്. ഡല്‍ഹിയിലെ പാക് ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയ നടപടിക്കു പിന്നാലെയാണ് ഇത്. ഉടനടി രാജ്യംവിടാനുള്ള നിര്‍ദേശമായിരുന്നു ഇന്ത്യയും നല്‍കിയിരുന്നത്.
പദവിക്കുനിരക്കാത്ത പ്രവൃത്തിയിലേര്‍പ്പെട്ടെന്ന് ആരോപിച്ചാണ് ഉദ്യോഗസ്ഥനെ പുറത്താക്കിയത്. രാജ്യത്തിന് അസ്വീകാര്യനായ വ്യക്തിയായി (പെഴ്സോണ നോണ്‍ ഗ്രാറ്റ) പ്രഖ്യാപിച്ചാണ് നടപടി എടുത്തിരിക്കുന്നത്. ചാരപ്രവൃത്തിയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പഞ്ചാബില്‍ രണ്ടുപേര്‍ അറസ്റ്റിലായെന്നും ഇവരുമായി ജീവനക്കാരന് ബന്ധമുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു.