ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തിന് ഇറങ്ങും മുന്‍പ് നാണംകെട്ട് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ പാകിസ്ഥാന്‍ ടീം, ദേശീയ ഗാനത്തിനായി അണിനിരന്നപ്പോഴാണ് സംഭവം. ആദ്യം പാകിസ്ഥാന്റെയും പിന്നീട് ഇന്ത്യയുടെയും ദേശീയഗാനം കേള്‍പ്പിക്കുമെന്ന അനൗണ്‍സ്‌മെന്റിന് പിന്നാലെ, സ്റ്റേഡിയത്തില്‍ മുഴങ്ങിയത് ‘ജലേബി ബേബി’ എന്ന ഹിന്ദി ഗാനമായിരുന്നു. ഇത് പാക് താരങ്ങളെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചു.
അബദ്ധം മനസ്സിലാക്കിയ ഉടന്‍ തന്നെ സംഘാടകര്‍ ഗാനം നിര്‍ത്തി യഥാര്‍ത്ഥ പാകിസ്ഥാന്‍ ദേശീയ ഗാനം വെച്ചു. ഈ ചെറിയ പിഴവ് പാകിസ്ഥാന്‍ ടീമിന് വലിയ നാണക്കേടുണ്ടാക്കി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് മാത്രമാണ് നേടാനായത്. ഓപ്പണര്‍ സാഹിബ്‌സാദ ഫര്‍ഹാന്‍ 40 റണ്‍സ് നേടിയപ്പോള്‍ ഷഹീന്‍ ഷാ അഫ്രീദി 33 റണ്‍സുമായി പുറത്താവാതെ നിന്നു. ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റും അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.