പുല്‍വാമ ഭീകരാക്രമണത്തില്‍ പങ്ക് തുറന്നുസമ്മതിച്ച് പാകിസ്ഥാന്‍; ‘തന്ത്രപരമായ മിടുക്ക്’ എന്ന് വീരവാദം

Jaihind News Bureau
Sunday, May 11, 2025

2019-ല്‍ പുല്‍വാമയില്‍ 40 ഇന്ത്യന്‍ അര്‍ദ്ധസൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പങ്കാളിത്തം സമ്മതിച്ച് പാകിസ്ഥാന്‍ സൈനിക നേതൃത്വം. വര്‍ഷങ്ങളായുള്ള നിഷേധങ്ങള്‍ക്ക് വിരാമമിട്ട്, പുല്‍വാമ ഭീകരാക്രമണം പാക് സൈന്യത്തിന്റെ ‘തന്ത്രപരമായ മിടുക്ക്’ (tactical brilliance) ആയിരുന്നുവെന്ന് പാകിസ്ഥാന്‍ എയര്‍ഫോഴ്‌സ് (PAF) വൈസ് മാര്‍ഷല്‍ ഔറംഗസേബ് അഹമ്മദ് വെള്ളിയാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. വിദേശ മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ നിരവധി പേരുടെ സാന്നിധ്യത്തിലായിരുന്നു ഈ അപൂര്‍വമായ പ്രഖ്യാപനം. പാക്കിസ്ഥാന്‍ വ്യോമസേനാ ഡയറക്ടര്‍ ജനറല്‍ (പബ്ലിക് റിലേഷന്‍സ്) കൂടിയാണ് ഇയാള്‍.

‘ഞങ്ങളുടെ തന്ത്രപരമായ മിടുക്ക് പുല്‍വാമയിലൂടെ അവരെ അറിയിക്കാന്‍ ശ്രമിച്ചു…’ എന്നായിരുന്നു ഇയാളുടെ വാക്കുകള്‍. ഈ പ്രസ്താവനയിലൂടെ, പുല്‍വാമ ആക്രമണത്തില്‍ പാകിസ്ഥാന്‍ ഇതുവരെ ഉണ്ടായിരുന്ന നിഷേധത്തിന്റെ സ്വരം മാറ്റുകായാണുണ്ടായത്. ഏപ്രില്‍ 22-ലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന വാദവും, ഇന്ത്യയോട് തെളിവുകള്‍ ആവശ്യപ്പെട്ട പാക്കിസ്ഥാന്‍ നിലപാടുകള്‍ ഇതോടെ ചോദ്യം ചെയ്യപ്പെടുകയാണ്.

‘പാകിസ്ഥാന്റെ വ്യോമാതിര്‍ത്തിയോ, ഭൂമിയോ, ജലാതിര്‍ത്തിയോ, അല്ലെങ്കില്‍ ജനങ്ങളോ ഭീഷണിയിലായാല്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ല. അത് അവഗണിക്കില്ല. രാഷ്ട്രത്തോട് ഞങ്ങള്‍ക്ക് കടപ്പാടുണ്ട്. പാകിസ്ഥാനിലെ ജനങ്ങള്‍ക്ക് അവരുടെ സായുധ സേനയിലുള്ള അഭിമാനവും വിശ്വാസവും ഞങ്ങള്‍ ഏത് വിലകൊടുത്തും ഉയര്‍ത്തിപ്പിടിക്കും. തന്ത്രപരമായ മിടുക്ക് പുല്‍വാമയിലൂടെ ഞങ്ങള്‍ അറിയിക്കാന്‍ ശ്രമിച്ചു; ഇപ്പോള്‍, ഞങ്ങളുടെ പ്രവര്‍ത്തന പുരോഗതിയും തന്ത്രപരമായ വൈദഗ്ധ്യവും ഞങ്ങള്‍ പ്രകടിപ്പിച്ചു. അവര്‍ ഇത് ശ്രദ്ധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു, സൈനിക വക്താവ് ലെഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷെരീഫ് ചൗധരിയും നാവികസേനാ വക്താവും അരികിലിരിക്കെ ഔറംഗസേബ് അഹമ്മദ് തുറന്നു പറഞ്ഞു.

അല്‍-ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ കാണുകയും ഭീകരര്‍ക്ക് ആണവായുധ സാങ്കേതികവിദ്യ കൈമാറാന്‍ ശ്രമിക്കുകയും ചെയ്ത ആണവ ശാസ്ത്രജ്ഞന്‍ സുല്‍ത്താന്‍ ബഷീറുദ്ദീന്‍ മഹ്മൂദിന്റെ മകനാണ് സൈനിക വക്താവായ ലെഫ്റ്റനന്റ് ജനറല്‍ ചൗധരി. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയുടെ അല്‍-ഖ്വയ്ദ ഉപരോധ സമിതിയുടെ ഭീകരരുടെ പട്ടികയിലും സൈനിക വക്താവിന്റെ പിതാവ് ഉള്‍പ്പെട്ടിട്ടുണ്ട്.

പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാരെ ജെയ്ഷെ മുഹമ്മദ് (JeM) ചാവേര്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പാകിസ്ഥാന് പങ്കില്ലെന്ന് തുടര്‍ച്ചയായി നിഷേധിച്ചിരുന്നു. അന്നത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആക്രമണത്തെ ‘ഗുരുതരമായ ആശങ്കയുളവാക്കുന്ന വിഷയം’ എന്ന് വിശേഷിപ്പിച്ചെങ്കിലും, പാക് സൈന്യത്തിന് പങ്കുണ്ടെന്ന വാദം തള്ളിക്കളഞ്ഞിരുന്നു.

ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടും, പാകിസ്ഥാന്‍ ഇന്ത്യയുടെ ആരോപണങ്ങള്‍ നിഷേധിക്കുകയും നിരന്തരമായി തെളിവുകള്‍ ആവശ്യപ്പെടുകയുമാണുണ്ടായത്. ആക്രമണം നടത്തിയ ആദില്‍ അഹമ്മദ് ദാറിന് ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്നും, സംഘടനയുടെ പാകിസ്ഥാനിലെ ബഹാവല്‍പൂരിലെ സുഭാന്‍ അള്ളാ ക്യാമ്പ് ഇന്ത്യന്‍ സൈന്യം ‘ഓപ്പറേഷന്‍ സിന്ദൂര്‍’ വഴി തകര്‍ത്തെന്നും ഇന്ത്യ തെളിവുകള്‍ സഹിതം വ്യക്തമാക്കിയിട്ടും പാകിസ്ഥാന്‍ നിഷേധം തുടരുകയാണ്. പുല്‍വാമ ആക്രമണത്തില്‍ തങ്ങളുടെ പങ്ക് പാകിസ്ഥാന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി ഒരിക്കലും അംഗീകരിച്ചിട്ടില്ലെങ്കിലും, ക്യാമറകള്‍ക്ക് മുന്നില്‍ ഔറംഗസേബിന്റെ ഈ വീരവാദം, വര്‍ഷങ്ങളായി ഇന്ത്യന്‍ സമ്മര്‍ദ്ദങ്ങള്‍ക്കു പോലും കഴിയാതിരുന്ന കാര്യമാണ് സാധ്യമാക്കിയത്.