കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വീണ്ടും പാക് വ്യോമാക്രമണം. വെള്ളിയാഴ്ച വൈകുന്നേരമാണ് അഫ്ഗാനിസ്ഥാന്റെ അതിര്‍ത്തി പ്രവിശ്യയായ പക്ടിക്കയില്‍ വീണ്ടും പാകിസ്ഥാന്‍ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ 10 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
ഒക്ടോബര്‍ 9-ന് തെഹ്രീകെ താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് കാബൂളിലും പക്ടിക്കയിലും പാകിസ്ഥാന്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. ഖത്തറിന്റെയും സൗദിയുടെയും ഇടപെടലിലൂടെ പ്രഖ്യാപിച്ച രണ്ട് ദിവസത്തെ താത്കാലിക വെടിനിര്‍ത്തല്‍ വെള്ളിയാഴ്ച അവസാനിച്ചതിന് തൊട്ടുമുമ്പാണ് പുതിയ ആക്രമണം നടന്നത്.
പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായി താലിബാന്‍ വക്താവ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പ്രതികരിച്ചു. ആക്രമണത്തിന് പാകിസ്ഥാന് തിരിച്ചടി നല്‍കുമെന്നും താലിബാന്‍ വക്താവ് വ്യക്തമാക്കി.
അതേസമയം, പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വെടിനിര്‍ത്തല്‍ നീട്ടിയെന്നാണ്. അഫ്ഗാന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് വെടിനിര്‍ത്തല്‍ നീട്ടിയതെന്നും, ദോഹയില്‍ നാളെ നടക്കുന്ന ഉന്നതതല ചര്‍ച്ച അവസാനിക്കുന്നതുവരെ ഇത് തുടരുമെന്നും പാക് മാധ്യമങ്ങള്‍ പറയുന്നു. പുതിയ വ്യോമാക്രമണത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിയിലെ സംഘര്‍ഷം വീണ്ടും രൂക്ഷമായിരിക്കുകയാണ്.