ഇസ്ലാമാബാദ്: പാകിസ്ഥാന് വ്യോമസേന ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ ഒരു ഗ്രാമത്തില്‍ നടത്തിയ ബോംബാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 30 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പഷ്തൂണ്‍ ഭൂരിപക്ഷ ഗ്രാമമായ മാട്രെ ദാരയില്‍ ആക്രമണമുണ്ടായത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ജെഎഫ്-17 യുദ്ധവിമാനങ്ങളില്‍ നിന്ന് എല്‍എസ്-6 ബോംബുകളാണ് വ്യോമസേന വര്‍ഷിച്ചത്. ആക്രമണത്തിന്റെ ആഘാതത്തില്‍ ഗ്രാമത്തിന്റെ ഒരു വലിയ ഭാഗം പൂര്‍ണ്ണമായും നശിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്, എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇനിയും വന്നിട്ടില്ല.
തീവ്രവാദ സംഘടനയായ തെഹ്രികെ-ഇ-താലിബാന് പാകിസ്ഥാന് (TTP) ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടാണ് വ്യോമസേന ആക്രമണം നടത്തിയതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അഫ്ഗാനിസ്ഥാന് അതിര്‍ത്തി പങ്കിടുന്ന ഈ പ്രവിശ്യയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൈന്യത്തിന്റെ ഭീകരവിരുദ്ധ നീക്കങ്ങള്‍ ശക്തമാണ്. ഞായറാഴ്ച ദേര ഇസ്മായില്‍ ഖാന് ജില്ലയില്‍ നടത്തിയ ഓപ്പറേഷനില്‍ ഏഴ് TTP ഭീകരരെ വധിച്ചതായി പാക് സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഇന്റര്‍-സര്‍വീസസ് പബ്ലിക് റിലേഷന്‍സ് (ISPR) അറിയിച്ചിരുന്നു. ഇതില്‍ മൂന്ന് പേര് അഫ്ഗാന് പൗരന്മാരും രണ്ട് പേര് ചാവേറുകളുമായിരുന്നു.
സെപ്റ്റംബര്‍ 13, 14 തീയതികളിലായി ഖൈബര്‍ പഖ്തുന്‍ഖ്വയില്‍ നടന്ന രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ 31 TTP ഭീകരരെ കൊലപ്പെടുത്തിയതായും സൈന്യം അറിയിച്ചിരുന്നു. സമീപകാലത്തായി അഫ്ഗാന് അതിര്‍ത്തി പ്രദേശങ്ങളില്‍ പാകിസ്ഥാനില്‍ ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഭീകരവാദികളെ സഹായിക്കണോ അതോ പാകിസ്ഥാനൊപ്പം നില്‍ക്കണോ എന്ന് അഫ്ഗാനിസ്ഥാന് തീരുമാനിക്കണമെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.