ഭീകരതക്കെതിരായ രാജ്യാന്തര സമ്മർദം ശക്തമായതിനെ തുടര്‍ന്ന് മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരൻ ഹാഫിസ് സയീദിനെതിരെ നടപടിക്കൊരുങ്ങി പാകിസ്ഥാന്‍. ഭീകര സംഘടനയായ ജമാഅത്ത് ഉദ്ദവയുടെ ആസ്ഥാനം പൂട്ടി.
സംഘടനയുടെ കാരുണ്യ വിഭാഗമായ ഫലാഹി ഇൻസാനിയത്ത് ഫൗണ്ടേഷനും പൂട്ടിയിട്ടുണ്ട്. നിരോധിത സംഘടനയിൽ പ്രവർത്തിച്ചുവെന്ന പേരിൽ 120ൽ അധികം പേരെയും തടങ്കലിലാക്കി. ഇതുകൂടാതെ, വെള്ളിയാഴ്ച നമസ്‌കാരത്തിൽ മതപ്രസംഗം നടത്തുന്നതിൽനിന്ന് സയീദിനെ വിലക്കുകയും ചെയ്തു. ലഹോറിലുണ്ടായിട്ടും ഒരുപക്ഷേ ഇതാദ്യമായിട്ടായിരിക്കും വെള്ളിയാഴ്ചയിലെ മതപ്രസംഗത്തിൽനിന്ന് സയീദ് വിട്ടുനിൽക്കുന്നതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ദേശീയ ആക്ഷൻ പ്ലാൻ അനുസരിച്ച് നിരോധിത സംഘടനയായ ജമാഅത്ത് ഉദ്ദവയുടെയും എഫ്‌ഐഎഫിന്‍റെ ലഹോറിലെയും മുറിദ്കിയിലെയും ആസ്ഥാനങ്ങളുടെ പൂർണ നിയന്ത്രണം സർക്കാർ ഏറ്റെടുത്തുവെന്ന് പഞ്ചാബ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പ്രവിശ്യയിൽ നിരോധിക്കപ്പെട്ട സംഘടനകൾക്കു കീഴിലുള്ള പള്ളികൾ, മതപഠനശാലകൾ മറ്റു സ്ഥാപനങ്ങൾ തുടങ്ങിയവയുടെ നിയന്ത്രണവും സർക്കാർ ഏറ്റെടുത്തു. നിരോധിച്ച സംഘടനകൾക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നതെന്നും മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
പുൽവാമ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ ഭീകരസംഘടനകൾക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് രാജ്യാന്തര സമൂഹം പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. മുംബൈ ഭീകരാക്രമണത്തിൽ 166 പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ ഉത്തരവാദികളായ ലഷ്‌കറെ തയിബയുടെ അടുത്ത സംഘടനയാണ് ജമാഅത്തെ ഉദ്ദവ എന്നാണ് വിശ്വസിക്കപ്പെടുന്നത്. 2014ൽ വിദേശ ഭീകരസംഘടന എന്ന് ജമാഅത്തെ ഉദ്ദവയെ യുഎസ് മുദ്ര കുത്തിയിട്ടുള്ളതുമാണ്. 2012ൽ സയീദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച യുഎസ് ഇയാളെ നീതിക്കു മുന്നിൽ കൊണ്ടുവരാൻ സഹായിക്കുന്നവർക്ക് 10 മില്യൺ യുഎസ് ഡോളറാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.