ഇന്ത്യന്‍ ചാരനെന്ന് മുദ്രകുത്തി പാകിസ്ഥാൻ വധശിക്ഷ വിധിച്ച കുൽഭൂഷൺ ജാധവിന്‍റെ വധശിക്ഷ രാജ്യാന്തര നീതിന്യായ കോടതി മരവിപ്പിച്ചു. 16 ജഡ്ജിമാരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്. ഇതില്‍ 15 ജഡ്ജിമാരും ഇന്ത്യക്ക് അനുകൂല നിലപാട് സ്വീകരിച്ചു. ഹേഗിലെ പീസ് പാലസില്‍ ജഡ്ജി അബ്ദുള്‍ഖവി അഹമ്മദ് യൂസഫാണ് വിധിപ്രസ്താവം വായിച്ചത്. ഇന്ത്യൻ സമയം വൈകിട്ട് 6:30 ഓടെയായിരുന്നു വിധി പ്രസ്താവം.
2016ലാണ് മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥനായ കുല്‍ഭൂഷന്‍ ജാധവിനെ ഇന്ത്യന്‍ ചാരനെന്ന് മുദ്രകുത്തി പാകിസ്ഥാൻ തടവിലാക്കിയത്. വിദേശ തടവുകാരന് ലഭിക്കേണ്ട നയതന്ത്ര പരിരക്ഷ പോലും കുല്‍ഭൂഷണ് നിഷേധിക്കപ്പെട്ടു. 2017 ഏപ്രിലില്‍ കുല്‍ഭൂഷണ്‍ ജാധവിന് പാകിസ്ഥാന്‍ സൈനിക കോടതി വധശിക്ഷ വിധിച്ചു. കാര്യമായ വിചാരണ പോലും കൂടാതെയായിരുന്നു വധശിക്ഷയ്ക്ക് വിധിച്ചത്.
തുടർന്ന് ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിച്ചു. കുല്‍ഭൂഷണ് ഇന്ത്യയില്‍നിന്നുള്ള നയതന്ത്രസഹായം നിഷേധിച്ചത് 1963ലെ വിയന്ന കരാറിന്‍റെ ലംഘനമാണെന്നാണ് ഹേഗില്‍ ഇന്ത്യ പ്രധാനമായും വാദിച്ചത്. പാകിസ്ഥാന്‍ വിയന്ന കരാര്‍ ലംഘിച്ചതായി രാജ്യാന്തര കോടതി ചൂണ്ടിക്കാട്ടി. ശിക്ഷ പുനഃപരിശോധിക്കണമെന്നും നീതിപൂര്‍വമായ വിചാരണ നടത്തണമെന്നും പാകിസ്ഥാനോട് നിർദേശിച്ച രാജ്യാന്തര കോടതി വധശിക്ഷ മരവിപ്പിച്ചുകൊണ്ട് ഉത്തരവിട്ടു.