രാജ്യത്തെ നടുക്കിയ ഭീകരാക്രമണം കഴിഞ്ഞ് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ പഹല്‍ഗാം അതിന്റെ പ്രതാപം തിരിച്ചുപിടിക്കാനുള്ള യത്നത്തിലാണ്. കടകളൊക്കെ തുറന്നുതുടങ്ങി. താഴ്വര ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങുന്നു. വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും, പ്രദേശം വീണ്ടും ആഭ്യന്തര-വിദേശ സഞ്ചാരികളെ സ്വാഗതം ചെയ്തുതുടങ്ങിയിട്ടുണ്ട്. വിനോദസഞ്ചാരികളില്‍ പലരും പഹല്‍ഗാം സന്ദര്‍ശനം ഉള്‍പ്പെടെയുള്ള യാത്രാപദ്ധതികളുമായി മുന്നോട്ടുപോവുന്നു
പച്ചപ്പാര്‍ന്ന പുല്‍മേടുകളും നീണ്ടുവളര്‍ന്ന പൈന്‍മരങ്ങളുമാണ് പഹല്‍ഗാമിന്റെ പ്രത്യേകത. കോടമഞ്ഞുപുതഞ്ഞ, ഇടതൂര്‍ന്ന വനങ്ങളാല്‍ ചുറ്റപ്പെട്ട പ്രദേശം സഞ്ചാരികളുടെ ഇഷ്ടതാഴ്വരയാണ്. അത് കൊണ്ടാണ് മിനി സ്വിറ്റ്‌സര്‍ലാന്‍ഡ് എന്ന വിളിപ്പേര് പഹല്‍ഗാമിന് ലഭിച്ചതും.
ട്രക്കിങ്ങും സ്‌കീയിങ്ങും കുതിരസവാരിയുമൊക്കെയായി ഇക്കഴിഞ്ഞ 22-നും സഞ്ചാരികള്‍ സജീവമായിരുന്നു പഹല്‍ഗാമില്‍. എന്നാല്‍, അന്നേദിവസം ഉച്ചകഴിഞ്ഞുണ്ടായ ഭീകരാക്രമണത്തോടെ വിനോദസഞ്ചാരികള്‍ അവിടെനിന്നും ചിതറിയോടി. പേടിച്ച് കശ്മീരില്‍നിന്നുതന്നെ രക്ഷപ്പെട്ടു ചിലര്‍. തോക്കുകളുമായെത്തിയ ഭീകരര്‍ 26 പേരെ നിഷ്‌കരുണം കൊലപ്പെടുത്തി ആ പ്രദേശത്തിന്റെയാകെ ശാന്തത തകര്‍ത്തു. ദിവസങ്ങള്‍ക്ക് മുന്‍പ് വിവാഹം കഴിഞ്ഞ്, ഹണിമൂണ്‍ യാത്രയ്ക്ക് വന്നവര്‍ വരെ ഭീകരരുടെ തോക്കിന്‍കുഴലിനിരകളായി. ഒരു ഇടവേളക്ക് ശേഷം വീണ്ടും പഹല്‍ഗാം ഉണരുകയാണ്… ഭയപ്പെടുത്തുന്ന ഒന്നും ഇപ്പോള്‍ അവിടെയില്ലെന്ന് സാക്ഷ്യപ്പെടുത്തുകയാണ് വിദേശ സഞ്ചാരികളും. പ്രതിദിനം 5000 മുതല്‍ 7000 വരെ സന്ദര്‍ശകര്‍ വന്നിരുന്ന സ്ഥലത്ത് ഇപ്പോള്‍ നൂറുകണക്കിന് ആളുകള്‍ മാത്രമാണ് എത്തുന്നത്. പ്രദേശത്തെ നൂറുകണക്കിനാളുകള്‍ ടൂറിസം വരുമാനംകൊണ്ട് മാത്രം ജീവിക്കുന്നവരാണ്. അവരുടെ ജീവിതോപാധി കൂടിയാണ് ഭീകരര്‍ ഇല്ലാതാക്കിയത്.