പഹല്‍ഗാം ഭീകരാക്രമണം: ഇന്ത്യയ്‌ക്കൊപ്പമെന്ന് യുഎസ്; പാകിസ്ഥാനെതിരെ കൂടുതല്‍ നടപടിക്കൊരുങ്ങി ഇന്ത്യ

Jaihind News Bureau
Thursday, May 1, 2025

ഭീകരവിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യക്കൊപ്പമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി. സമാധാനം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കണമെന്നും മാര്‍ക്കോ റൂബിയോ പ്രതികരിച്ചു. വിദേശകാര്യ മന്ത്രിയുമായും പാക് പ്രധാനമന്ത്രിയുമായും മാര്‍ക്കോ റുബിയോ സംസാരിച്ചു. ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ കൂടെ നില്‍ക്കുമെന്നും യുഎസ് വ്യക്തമാക്കി.

സംഘര്‍ഷ സ്ഥിതി പരിഹരിക്കാന്‍ ഇടപെടണമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയയോട് ആവശ്യപ്പെട്ടിരുന്നു. ഭീകരാക്രമണത്തിന്റെ അന്വേഷണത്തില്‍ പാകിസ്ഥാന്‍ സഹകരിക്കണമെന്നും യുഎസ് നിര്‍ദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ കൂടെ നില്‍ക്കുമെന്നും യുഎസ് വ്യക്തമാക്കിയത്. അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദികളെ കണ്ടെത്തണമെന്ന് ഷഹബാസ് ഷെരിഫിനോട് റൂബിയോ ആവശ്യപ്പെട്ടു.

എന്നാല്‍, പാകിസ്താനെതിരെ കൂടുതല്‍ നടപടിയുമായി ഇന്ത്യ മുന്നോട്ടുനീങ്ങുകയാണ്. മെയ് 23 വരെ പാകിസ്താന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ വിലക്ക് ഏര്‍പ്പെടുത്തി. അതിര്‍ത്തിയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘനം തുടരുന്ന സാഹചര്യത്തില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യന്‍ സേന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പാകിസ്താനെതിരെ കടുത്ത നടപടികളിലേക്ക് കടക്കും എന്നതിന്റെ സൂചനയാണ് ഇന്ത്യ നല്‍കുന്നത്. മെയ് 23 വരെ പാകിസ്താന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലൂടെ സഞ്ചരിക്കുന്നത് വ്യോമയാന മന്ത്രാലയം വിലക്കി. പാകിസ്താനില്‍ രജിസ്റ്റര്‍ ചെയ്ത സൈനിക യാത്രാ വിമാനങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. അതിര്‍ത്തിയില്‍ തുടര്‍ച്ചയായി പാകിസ്താന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതില്‍ ശക്തമായി തിരിച്ചടി നല്‍കുമെന്ന് സേന മുന്നറിയിപ്പ് നല്‍കി. ഇന്ത്യ-പാക് സൈനിക ജനറല്‍മാര്‍ തമ്മില്‍ സംസാരിച്ചതിന് പിന്നാലെയാണ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയത്.