ഭീകരന്‍ ഷെയ്ഖ് സജ്ജാദ് ഗുലിനായി കേരളത്തിലും അന്വേഷണം. കേരള പോലീസ് അന്വേഷണമാരംഭിച്ചു. പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഭീകര സംഘടനയായ ദി റസിസ്റ്റന്റ് ഫ്രണ്ടിന്റെ തലവനുമായിരുന്ന ഇയാള്‍ കേരളത്തിലെത്തിയിരുന്നതായ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അന്വേഷണം. ഇയാള്‍ 2002ന് മുന്‍പ് കേരളത്തില്‍ പഠിച്ചെന്നാണ് വിവരം.
ശ്രീനഗറിലെ പഠനത്തിന് ശേഷം ബംഗളൂരുവിലാണ് ഗുല്‍ എംബിഎ പഠനം നടത്തിയിരുന്നത്. ഇതിനു ശേഷം ഇയാള്‍ കേരളത്തില്‍ ലാബ് ടെക്നീഷ്യന്‍ കോഴ്‌സ് ചെയ്തിരുന്നതായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പഠനത്തിന് ശേഷം കശ്മീരിലേക്ക് തിരിച്ചെത്തിയ ഗുല്‍, ലാബ് ആരംഭിക്കുകയും ഒപ്പം ഭീകരസംഘടനകള്‍ക്ക് സഹായം ചെയ്തിരുന്നതായിട്ടുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണ ഏജന്‍സികള്‍ കേരള പോലീസിന് ഔദ്യോഗികമായ സ്ഥിരീകരണങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല. എന്നിരുന്നാലും ഇത്തരം റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ പോലീസും രഹസ്യാന്വേഷണ വിഭാഗവും സ്‌പെഷ്യല്‍ ബ്രാഞ്ചും ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. ഇയാള്‍ ലാബ് ടെക്നീഷ്യന്‍ കോഴ്സ് പഠിച്ചതെവിടെയന്നറിയാനായി ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ കേന്ദ്രീകരിച്ച് പോലീസ് രഹസ്യന്വേഷണം ആരംഭിച്ചു. പൂട്ടിപ്പോയതും പ്രവര്‍ത്തിക്കുന്നതുമായ വിവിധ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. 2002 ല്‍ ഭീകരസംഘടനകളുടെ ഓവര്‍ഗ്രൗണ്ട് വര്‍ക്കറായി ജോലി ചെയ്യുന്നതിനിടെ ഇയാളെ നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടക വസ്തുക്കളുമായി പോലീസ് പിടികൂടിയിരുന്നു. പിന്നീട് 10 വര്‍ഷത്തെ തടവിനുശേഷം 2017 ലാണ് ഇയാള്‍ ജയില്‍ മോചിതനായത്. 2022 ല്‍ എന്‍ഐഎ ഭീകരനായി പ്രഖ്യാപിച്ച ഇയാളുടെ തലയ്ക്ക് വിലയിട്ടിരുന്നു. 2023 ല്‍ സെന്‍ട്രല്‍ കശ്മീരില്‍ നടന്ന ഗ്രനേഡ് ആക്രമണമുള്‍പ്പെടെ ഒട്ടനവധി സ്‌ഫോടനങ്ങളുടെ ആസൂത്രകനായിരുന്നു ഇയാള്‍.