പഹല്‍ഗാം ഭീകരാക്രമണം: തിരിച്ചടി നല്‍കാന്‍ മടിക്കില്ലെന്ന് ഇന്ത്യ

Jaihind News Bureau
Wednesday, April 30, 2025

പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനെതിരെ തിരിച്ചടിക്കുമെന്ന് ഇന്ത്യ. സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയും സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയും ഇന്ന് യോഗം ചേരും. അതേസമയം, ഭീഷണിയും പ്രകോപനവും തുടരുകയാണ് പാക്കിസ്ഥാന്‍. ഇന്ത്യ-പാക് സംഘര്‍ഷം ലഘൂകരിക്കാന്‍ ഇടപെടാമെന്ന് ഐക്യരാഷ്ട്ര സംഘടനയും അറിയിച്ചിട്ടുണ്ട്.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ഉടന്‍ പാക്കിസ്ഥാനെതിരെ തിരിച്ചടിക്കുമെന്നാണ് വിവരം. പാക്കിസ്ഥാന് തിരിച്ചടി നല്‍കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം സേനയ്ക്ക് പ്രധാനമന്ത്രി ഇന്നലെ ചേര്‍ന്ന യോഗത്തില്‍ നല്‍കിയിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി യോഗംചേരുന്നത് രണ്ടാംതവണയാണ്. ആദ്യ യോഗത്തില്‍ സിന്ധു നദീജല ഉടമ്പടി മരവിപ്പിക്കുന്നതടക്കം നിര്‍ണായക തീരുമാനങ്ങള്‍ എടുത്തിരുന്നു. അതേസമയം, പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ക്കൊന്നും തെളിവ് നല്‍കാന്‍ ഇന്ത്യയ്ക്കായിട്ടില്ലെന്ന് ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷെരീഫ് ചൗധരി കുറ്റപ്പെടുത്തി. സ്ഥിതി വഷളാക്കരുതെന്ന് യുഎസും, ഇന്ത്യ-പാക് സംഘര്‍ഷം ലഘൂകരിക്കാന്‍ ഇടപെടാമെന്ന് ഐക്യരാഷ്ട്ര സംഘടനയും അറിയിച്ചിട്ടുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളില്‍ സെക്രട്ടറി ജനറല്‍ ആശങ്ക പ്രകടിപ്പിച്ചു. വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഏറ്റുമുട്ടല്‍ ഒഴിവാക്കണമെന്നും അഭ്യര്‍ഥിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തെ ശക്തമായ ഭാഷയില്‍ ഐക്യരാഷ്ട്ര സംഘടന വീണ്ടും അപലപിച്ചിട്ടുണ്ട്.