ലോകവും രാജ്യവും നടുങ്ങിയ വലിയൊരു ഭീകരാക്രമണത്തില്‍ നമ്മുടെ കേരളത്തില്‍ നിന്നുതന്നെ ഒരാള്‍ ഇരയായി എന്നത് ഏറെ സങ്കടപ്പെടുത്തുന്ന കാര്യമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ ബന്ധുക്കളെ ഇടപ്പള്ളിയിലെ വസതിയില്‍ എത്തി സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ മീറ്റിങ്ങുമായി ബന്ധപ്പെട്ട് ശ്രീനഗറില്‍ ഉള്ളപ്പോഴാണ് പെഹല്‍ഗാമില്‍ ഭീകരാക്രമണം ഉണ്ടായത്. രാമചന്ദ്രന്റെ ഭൗതികശരീരത്തില്‍ ഔദ്യോഗികമായി അന്ത്യാഞ്ജലി അര്‍പ്പിക്കുന്ന ചടങ്ങിലും പങ്കെടുക്കാനായി. അന്ന് കുടുംബത്തെ നേരിട്ട് കാണാന്‍ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ കുടുംബത്തെ നേരില്‍ ചെന്ന് കണ്ടു. അവരോട് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. അവര്‍ കൊലപാതകത്തിന് സാക്ഷിയായവരാണ്. അദ്ദേഹത്തിന്റെ മകള്‍ പ്രകടിപ്പിച്ച ധൈര്യത്തിന് മുന്നില്‍ സല്യൂട്ട് ചെയ്യുന്നു. അവര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവന കണ്ടിരുന്നു. വിഷമകരമായ സന്ദര്‍ഭത്തിലും ഏറെ മഹത്തരമായ മാതൃകയാണ് അവര്‍ രാജ്യത്തിനു മുന്നില്‍ ഉയര്‍ത്തിപ്പിടിച്ചത്. അതിനെ അഭിനന്ദിക്കുന്നു.
ഇന്ത്യ അടുത്തകാലത്ത് കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിന്റെ ഞെട്ടലില്‍ നിന്ന് ഇന്നും നമ്മള്‍ പൂര്‍ണമായും മോചിതരായിട്ടില്ല. ഭീകരവാദത്തോട് സന്ധിയില്ലാത്ത പോരാട്ടത്തിന് സര്‍ക്കാരിനൊപ്പം ഉണ്ട് എന്നതാണ് കോണ്‍ഗ്രസിന്റെ നിലപാട്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അടിയന്തരമായി യോഗം ചേര്‍ന്ന് പാസാക്കിയ പ്രമേയം അതാണ്. സര്‍വ്വകക്ഷി യോഗത്തിലും കോണ്‍ഗ്രസ് വ്യക്തമാക്കിയ നിലപാട് അത് തന്നെയാണ്.
വീരമൃത്യു വരിച്ച നമ്മുടെ സഹോദരങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനും ഭീകരവാദത്തിനെതിരായ ശക്തമായ സന്ദേശം നല്‍കിയും ഇന്ത്യയിലെമ്പാടും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കാന്‍ഡില്‍ ലൈറ്റ് മാര്‍ച്ച് നടത്തിയിരുന്നു. പാകിസ്താന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നടന്നിട്ടുള്ള ഭീകരാക്രമണം തന്നെയാണ് പെഹല്‍ഗാമില്‍ സംഭവിച്ചത്. അതുകൊണ്ട് ശക്തമായ തിരിച്ചടി നല്‍കാനുള്ള സര്‍ക്കാരിന്റെ എല്ലാ ശ്രമങ്ങള്‍ക്കും കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും ഒപ്പം ഉണ്ടാകുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.