പഹല്‍ഗാം ഭീകരാക്രമണം: ‘ഇരയായ സ്ത്രീകള്‍ ഭീകരരെ നേരിടണമായിരുന്നു’ ബിജെപി എംപിയുടെ പരാമര്‍ശം വിവാദത്തില്‍; വ്യാപക പ്രതിഷേധം

Jaihind News Bureau
Sunday, May 25, 2025

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വിധവകള്‍ ഭര്‍ത്താക്കന്മാരുടെ ജീവനുവേണ്ടി യാചിക്കുന്നതിന് പകരം ഭീകരരോട് പോരാടണമായിരുന്നു എന്ന ബിജെപി രാജ്യസഭാ എംപി റാം ചന്ദര്‍ ജംഗ്രയുടെ പരാമര്‍ശത്തില്‍ വന്‍ പ്രതിഷേധം. ഭീകരാക്രമണത്തിന് ഇരയായവരോട് മനുഷ്യത്വരഹിതമായ സമീപനം കാണിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തി. ദേവി അഹല്യാബായി ഹോള്‍ക്കര്‍ ജയന്തി ദിനത്തില്‍ ഭിവാനിയില്‍ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് ജംഗ്രയുടെ ഈ വിവാദ പരാമര്‍ശം. ‘അവര്‍ (വിനോദസഞ്ചാരികളായ സ്ത്രീകള്‍) പോരാടണമായിരുന്നു. അവര്‍ പോരാടിയിരുന്നെങ്കില്‍ മരണസംഖ്യ കുറയുമായിരുന്നു. എല്ലാ വിനോദസഞ്ചാരികളും അഗ്‌നിവീര്‍ ആയിരുന്നെങ്കില്‍, അവര്‍ ഭീകരരെ തുരത്തി മരണസംഖ്യ കുറക്കുമായിരുന്നു. റാണി അഹല്യാബായിയെപ്പോലെ നമ്മുടെ സഹോദരിമാരില്‍ വീണ്ടും ധൈര്യം ജ്വലിപ്പിക്കണം,’ ജംഗ്ര പറഞ്ഞു.

ജംഗ്രയുടെ വാക്കുകള്‍ അങ്ങേയറ്റം ആക്ഷേപകരമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആരോപിച്ചു. പഹല്‍ഗാമിലെ ധീരരായ വിധവകളെ ഒരു ബിജെപി എംപി അപമാനിക്കുമ്പോള്‍, മോദിയുടെ രക്തം തിളയ്ക്കുന്നില്ലേ എന്ന് അദ്ദേഹം ചോദിച്ചു. ബിജെപി നേതാക്കള്‍ ഇന്ത്യന്‍ സൈന്യത്തെയും രക്തസാക്ഷികളായ സൈനികരെയും ആവര്‍ത്തിച്ച് അപമാനിക്കുകയാണെന്നും ഇത് അവരുടെ ‘അധഃപതിച്ച മാനസികാവസ്ഥയുടെ’ പ്രതിഫലനമാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. എക്സിലെ ഒരു പോസ്റ്റില്‍, പഹല്‍ഗാം ഭീകരാക്രമണത്തിലെ സുരക്ഷാ വീഴ്ചയ്ക്ക് ഉത്തരവാദികളെ കണ്ടെത്തേണ്ടതിനു പകരം, അധികാരം തലയ്ക്ക് പിടിച്ച ബിജെപി രക്തസാക്ഷികളെയും അവരുടെ വിധവകളെയും ചോദ്യം ചെയ്യുകയാണെന്ന് രമേശ് ആരോപിച്ചു. വിജയ് ഷാ, ദേവ്ദ തുടങ്ങിയ നേതാക്കള്‍ക്കെതിരെ മുമ്പ് സമാനമായ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടും നടപടിയെടുക്കാത്തതും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി നേതൃത്വത്തിന്റെയും മൗനം ഇതിന് സമ്മതമായി കാണണമോയെന്നും രമേശ് ചോദിച്ചു. പരാമര്‍ശങ്ങള്‍ക്ക് പ്രധാനമന്ത്രി മാപ്പ് പറയണമെന്നും എംപി റാം ചന്ദര്‍ ജംഗ്രയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടു. റോഹ്തക്കില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ദീപേന്ദര്‍ സിംഗ് ഹൂഡയും ഈ പ്രസ്താവനയെ ശക്തമായി അപലപിച്ചു.

സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും ജംഗ്രയുടെ പരാമര്‍ശത്തെ ശക്തമായി അപലപിച്ചു. ‘പഹല്‍ഗാമിലെ ഇരകളായ സ്ത്രീകളെക്കുറിച്ച് ബിജെപി എംപി നടത്തിയ ഇത്രയും വെറുപ്പുളവാക്കുന്ന പ്രസ്താവനയ്ക്ക് ‘അപലപനീയം’ എന്ന വാക്കുപോലും ഉപയോഗിക്കാന്‍ മടിക്കും. സ്ത്രീകളെ ആദരിക്കുന്നതിനു പകരം, അവരെ അപമാനിക്കാനും കുറ്റപ്പെടുത്താനും ചൂഷണം ചെയ്യാനും ഉപദ്രവിക്കാനുമാണ് ബിജെപി ശ്രമിക്കുന്നത്. ഇതാണ് അവരുടെ യഥാര്‍ത്ഥ മുഖം, ഇത് ലജ്ജാകരവും അറപ്പുളവാക്കുന്നതുമാണ്,’ അഖിലേഷ് എക്സില്‍ കുറിച്ചു. ‘ബിജെപി ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല, സ്ത്രീവിരുദ്ധ മാനസികാവസ്ഥയുടെ ഒരു മാലിന്യക്കുഴിയാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗം മേധാവി സുപ്രിയ ശ്രീനേട്ടും ബിജെപി എംപിയുടെ പരാമര്‍ശത്തെ അപലപിച്ചു. ‘പഹല്‍ഗാം ആക്രമണത്തില്‍ ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ട സ്ത്രീകളെക്കുറിച്ചാണ് ബിജെപി എംപി റാംചന്ദ്ര ജംഗ്ര സംസാരിക്കുന്നത്. എന്നിട്ടും പാര്‍ട്ടി സിന്ദൂരത്തെക്കുറിച്ച് സംസാരിക്കുന്നു? ലജ്ജയില്ലായ്മയ്ക്കും ഒരതിരുണ്ട്’,’ അവര്‍ കൂട്ടിച്ചേര്‍ത്തു.

പഹല്‍ഗാം ആക്രമണത്തില്‍ അറസ്റ്റ് വൈകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ‘ആക്രമണകാരികളെ പിടികൂടിയില്ലെങ്കിലും നമ്മുടെ സൈന്യം ഭീകരരുടെ ഒളിത്താവളങ്ങളും സൂത്രധാരന്മാരെയും നശിപ്പിച്ചു,’ എന്നായിരുന്നു ജംഗ്രയുടെ മറുപടി. ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരായുധരായ സാധാരണക്കാരെ ലക്ഷ്യമിട്ട ഈ ആക്രമണം രാജ്യവ്യാപകമായി പ്രതിഷേധത്തിനും കാരണമായി.