ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനും തുടര്‍ന്നുണ്ടായ പാകിസ്ഥാനുമായുള്ള സംഘര്‍ഷങ്ങള്‍ക്കും പിന്നാലെ, ഇന്ത്യയുടെ നയതന്ത്രപരമായ നിലപാട് ആഗോള നേതാക്കളെ ധരിപ്പിക്കാന്‍ ഇന്ത്യന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ വിവിധധകക്ഷി സംഘം മെയ് 22ന് ശേഷം അന്താരാഷ്ട്ര പര്യടനത്തിന് പുറപ്പെടും. അമേരിക്ക, ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക, ഖത്തര്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് സംഘം സന്ദര്‍ശനം നടത്തുക.
സുരക്ഷാ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍, പാകിസ്ഥാന്‍ പ്രകോപനങ്ങള്‍ക്കെതിരായ സര്‍ക്കാര്‍ നിലപാടിന് പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണ അറിയിച്ചിരുന്നു. സൈനിക നടപടികള്‍ക്കൊപ്പം, വിസ റദ്ദാക്കല്‍, സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കല്‍ തുടങ്ങിയ നിരവധി നയതന്ത്ര നടപടികളും ഇന്ത്യ പാകിസ്ഥാനെതിരെ സ്വീകരിച്ചിട്ടുണ്ട്.
പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവാണ് ഈ അന്താരാഷ്ട്ര പര്യടനത്തിന്റെ ഏകോപന ചുമതല വഹിക്കുന്നത്. എം.പിമാര്‍ക്ക് ഇതിനോടകം ക്ഷണക്കത്തുകള്‍ അയച്ചിട്ടുണ്ട്. ഓരോ സംഘത്തിലും 5-6 അംഗങ്ങളുണ്ടാകും, ദേശീയ ജനാധിപത്യ സഖ്യത്തിലെ (എന്‍.ഡി.എ) മുതിര്‍ന്ന എം.പിമാരായിരിക്കും ഇവര്‍. ഇന്ത്യയുടെ നിലപാടും സ്വീകരിച്ച നടപടികളും വ്യക്തമാക്കുക, അതുവഴി അന്താരാഷ്ട്ര പിന്തുണ നേടുക എന്നതാണ് ഈ സംഘങ്ങളുടെ പ്രധാന ദൗത്യം.ം.
കശ്മീര്‍, അതിര്‍ത്തി കടന്നുള്ള ഭീകരവാദം പോലുള്ള തന്ത്രപ്രധാനമായ സുരക്ഷാ വിഷയങ്ങളില്‍ ദേശീയ നിലപാട് അറിയിക്കാന്‍ സര്‍ക്കാര്‍ ഇതാദ്യമായാണ് വിവിധ കക്ഷികളില്‍ നിന്നുള്ള എം.പിമാരുടെ സംഘത്തെ അയക്കുന്നത്. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനകള്‍ ഇന്ത്യയ്ക്ക് ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ അവബോധം സൃഷ്ടിക്കുക എന്നതും ഈ അപൂര്‍വമായ സര്‍വ്വകക്ഷി നീക്കത്തിലൂടെ ലക്ഷ്യമിടുന്നു. പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ചും, പാക് മണ്ണില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളെക്കുറിച്ചും എം.പിമാര്‍ വിദേശ സര്‍ക്കാരുകളെയും നിയമനിര്‍മ്മാതാക്കളെയും ധരിപ്പിക്കും. പതിറ്റാണ്ടുകളായി ഇന്ത്യ നേരിടുന്ന ഭരണകൂട പിന്തുണയുള്ള ഭീകരവാദത്തിന്റെ വിശാലമായ ചിത്രം അവര്‍ അവതരിപ്പിക്കും.