ശ്രീനഗര്‍: രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഉള്‍പ്പെടെ മൂന്ന് പാകിസ്താനി ഭീകരരെ സുരക്ഷാ സേന ശ്രീനഗറില്‍ ഏറ്റുമുട്ടലില്‍ വധിച്ചു. ‘ഓപ്പറേഷന്‍ മഹാദേവ്’ എന്ന് പേരിട്ട സൈനിക നീക്കത്തിലാണ് ഭീകരരെ വധിച്ചത്. 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്റെ ആസൂത്രകനും നടത്തിപ്പുകാരനുമായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഉന്നത കമാന്‍ഡര്‍ സുലൈമാന്‍ ഷാ എന്ന മൂസ ഫൗജിയാണ് കൊല്ലപ്പെട്ടവരില്‍ പ്രധാനി. ഇവരുടെ ഒളിത്താവളത്തില്‍ കടന്നാണ് സുരക്ഷാ സേന കീ്‌ഴ്‌പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം ശ്രീനഗര്‍-സോന്‍മാര്‍ഗ് ഹൈവേയിലെ ഇസഡ്-മോര്‍ഹ് തുരങ്ക നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന ഏഴ് പേരെ കൊലപ്പെടുത്തിയ കേസിലും മൂസ ഫൗജിക്ക് പങ്കുണ്ടായിരുന്നു. കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനുശേഷമേ പഹല്‍ഗാം ആക്രമണവുമായുള്ള ഇവരുടെ ബന്ധം ഔദ്യോഗികമായി സ്ഥിരീകരിക്കൂ.
ജൂലൈ ആദ്യം ദച്ചിഗാം വനമേഖലയില്‍ നിന്ന് സംശയാസ്പദമായ ചില ആശയവിനിമയങ്ങള്‍ സൈന്യം പിടിച്ചെടുത്തിരുന്നു. ഇതിനെത്തുടര്‍ന്ന് ലഷ്‌കര്‍, ജെയ്ഷെ ഭീകരരുടെ ഒരു സംയുക്ത സംഘത്തെ 14 ദിവസത്തോളം സൈന്യം നിരീക്ഷിച്ചുവരികയായിരുന്നു. പ്രദേശവാസികളായ നാടോടികളില്‍ നിന്ന് ലഭിച്ച വിവരങ്ങളും നിര്‍ണായകമായി. രണ്ട് ദിവസം മുന്‍പ് സാറ്റലൈറ്റ് ആശയവിനിമയം വീണ്ടും സജീവമായതോടെ ഭീകരരുടെ ഒളിത്താവളം കൃത്യമായി കണ്ടെത്താന്‍ സൈന്യത്തിനായി.