ശബരിമല യുവതീപ്രവേശം: പത്മകുമാർ പുറത്തേക്കോ?

Jaihind Webdesk
Thursday, October 25, 2018

ശബരിമല യുവതീപ്രവേശം സംബന്ധിച്ച് ദേവസ്വം ബോർഡും സർക്കാരും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമാകുന്നതിനിടെ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ പുറത്തേക്കെന്നു സൂചന. സുപ്രീംകോടതി വിധി പുറത്തുവന്നതിനു ശേഷം നിരവധി തവണ ദേവസ്വം ബോർഡും സർക്കാരും തമ്മിലുള്ള അഭിപ്രായഭിന്നത പുറത്തു വന്നിരുന്നു. സർക്കാരിന്റെ നിലപാടുകൾക്കെതിരെ കടകവിരുദ്ധ നിലപാടുകൾ സ്വീകരിച്ച പത്മകുമാറിനെതിരെ പാർട്ടിക്കുള്ളിൽ നിന്നും വിമർശനമുയർന്നിട്ടുണ്ട്. നിലവിൽ ബോർഡിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ് അദ്ദേഹമുള്ളത്.

ഇനി ഒരുവർഷം കൂടി കാലാവധിയുള്ള പത്കുമാറിനെ ഇപ്പോൾ സ്ഥാനത്തു നിന്ന് മാറ്റിയാൽ കൂടുതൽ വിവാദങ്ങളുണ്ടാകുമെന്നുമാണ് സി.പി.എം വിലയിരുത്തൽ. വിവാദങ്ങൾ കെട്ടടങ്ങിയ ശേഷം പത്മകുമാറിനെ മാറ്റുന്നത് സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാനാണ് പാർട്ടി അലോചിക്കുന്നത്. സന്നിഗ്ധ ഘട്ടത്തിൽ താൻ സ്വയം ഒഴിഞ്ഞുപോയാൽ പാർട്ടി നേതൃത്വവും സർക്കാരും വെട്ടിലാകുമെന്ന വിലയിരുത്തലും പത്മകുമാറിനെ കടുത്ത സമ്മർദ്ദത്തിലാക്കുന്നുണ്ട്.

വിധിയുടെ നടപ്പാക്കൽ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച ശേഷം പുന:പരിശോധന ഹർജി നൽകുമെന്ന പത്മകുമാറിന്റെ വാദത്തിൽ മുഖ്യമന്ത്രി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് പരാമർശം പിൻവലിക്കാൻ പത്മകുമാർ നിർബന്ധിതനായി. പത്മകുമാറിനു മറ്റു രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന സംശയവും പാർട്ടിയിലെ ചില നേതാക്കൾ ഉന്നയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ രൂക്ഷവിമർശനത്തിനു ശേഷം പാർട്ടി നേതൃത്വത്തോടു പോലും സംസാരിക്കാൻ അദ്ദേഹം തയാറാകുന്നില്ലെന്നാണു സൂചന. എന്നാൽ പത്മകുമാറിനെ അങ്ങനെ കൈവിടാൻ പിണറായി തയ്യാറായേക്കില്ല. സി.പി.എമ്മില വിഭാഗീയത രൂക്ഷമായി നിലനിന്ന സമയത്തും പത്തനംതിട്ടയിൽ പിണറായിക്കൊപ്പം ഉറച്ചു നിന്നയാളാണ് പത്കുമാറെന്ന വസ്തുത പിണറായി മറക്കാനിടയില്ല.

യുവതീപ്രവേശന വിധി നടപ്പാക്കുന്നത് സംബന്ധിച്ചുണ്ടായ ശബരിമലയിലെ പ്രതിഷേധങ്ങൾ കൂടി കണക്കിലെടുത്ത് ദേവസ്വം ബോർഡ് റിപ്പോർട്ട് നൽകുമെന്ന നിലപാടിനെ അതിരൂക്ഷമായി മുഖ്യമന്ത്രി വിമർശിച്ചതോടെ പത്മകുമാർ ബോർഡിൽ കൂടുതൽ ഒറ്റപ്പെടുന്ന അവസ്ഥയിലേക്ക് നീങ്ങി. ഒരു വശത്ത് പത്മകുമാർ വിധിയിൽ സമാവായത്തിനുള്ള സാധ്യത തേടുമ്പോൾ മറുവശത്ത് ബോർഡംഗം കെ.രാഘവൻ വിധി നടപ്പാക്കുമെന്ന കർക്കശ നിലപാട് സ്വീകരിച്ചിരുന്നു. ഇതോടെ വിധിയുടെ നടപ്പാക്കൽ സംബന്ധിച്ച് ബോർഡിനുള്ളിലും നിലനിന്ന ഭിന്നതയാണ് പുറത്തേക്ക് വന്നത്.
വിധി സംബന്ധിച്ച് തുടർനടപടികൾക്ക് നിയമോപദേശം തേടാനുള്ള പത്മകുമാറിന്റെ നീക്കങ്ങൾക്കും സർക്കാർ മൂക്കൂകയറിട്ടു. വിധി നടപ്പാക്കാൻ തന്നെയാണ് തീരുമാനമെന്ന് വ്യക്തമാക്കിയ പിണറായി വിജയന് സി.പി.എമ്മിൽ നിന്നും മുന്നണിയിൽ നിന്നും അകമഴിഞ്ഞ പിന്തുണയും ലഭിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ സി.പി.എം സംഘടിപ്പിച്ചു വരുന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങളിൽ തന്ത്രി കുടുംബത്തെയും പന്തളം രാജകൊട്ടാരത്തെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചത് പത്മകുമാറിനെ കൂടുതൽ നിസഹായനാക്കിയിട്ടുണ്ട്.

പത്മകുമാറിന്‍റെ സമൂഹമാധ്യങ്ങളിലെ ഇടപെടലുകളും സി.പി.എമ്മിന് രസിച്ചിട്ടില്ല. യുവമോർച്ച നേതാവിന്‍റെ പോസ്റ്റ് ഷെയർ ചെയ്ത പത്മകുമാറിന്‍റെ നടപടി വിവാദമായതോടെ ഫേസ്ബുക്ക് അക്കൗണ്ടും അദ്ദേഹത്തിന് ഇല്ലാതാക്കേണ്ടി വന്നു. താൻ ഉറച്ച അയ്യപ്പഭക്തനാണെന്നു സാക്ഷ്യപ്പെടുത്തുന്ന പത്മകുമാറിന്റെ പ്രസംഗത്തിന്റെ ഓഡിയോ സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്.

വിവാദങ്ങൾ കടുത്തതോടെ മറ്റൊരു ബോർഡംഗമായ കെ.പി ശങ്കർ ദാസും സർക്കാരിന്റെ നിലപാടിനൊപ്പം ചേർന്നു കഴിഞ്ഞു. കെ. രാഘവന്‍റെ കാലാവധി കഴിഞ്ഞ ദിവസം പൂർത്തിയായതോടെ ദേവസ്വം ബോർഡിൽ നിലവിൽ ഒരു അംഗത്തിന്‍റെ ഒഴിവുണ്ട്. ഈ ഒഴിവിലേക്ക് ഉടൻ തിരഞ്ഞെടുപ്പു നടത്തും.