പത്മകുമാറിന് വീണ്ടും കുരുക്ക് മുറുകുന്നു; ദ്വാരപാലക പാളി കേസുകളിലും പ്രതി

Jaihind News Bureau
Thursday, December 4, 2025

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന് കുരുക്ക് മുറുകുന്നു. സ്വര്‍ണക്കൊള്ളയ്ക്ക് പുറമെ ദ്വാരപാലക ശില്‍പ്പി കേസുകളിലും പത്മകുമാറിനെ പ്രതി ചേര്‍ത്തു. അതേസമയം പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. തുടര്‍നടപടികള്‍ക്കായി ഇന്ന് കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

പത്മകുമാര്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി കോടതി ഈ മാസം എട്ടിന് പരിഗണിക്കും. ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നതിന് മുന്നോടിയായി, പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി.) റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും ജാമ്യാപേക്ഷയില്‍ കോടതി അന്തിമ തീരുമാനം എടുക്കുക.

ജാമ്യാപേക്ഷയില്‍, താന്‍ ഒറ്റയ്ക്കല്ല തീരുമാനങ്ങളെടുത്തതെന്നും, സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിന് കൂട്ടുത്തരവാദിത്തം ഉണ്ടെന്നുമാണ് പത്മകുമാര്‍ പ്രധാനമായും വാദിക്കുന്നത്. കൂടാതെ, സ്വര്‍ണ്ണ പാളികള്‍ ‘ചെമ്പ്’ എന്ന് രേഖകളില്‍ തിരുത്തിയത് ബോര്‍ഡ് അംഗങ്ങളുടെ അറിവോടെയാണെന്നും അദ്ദേഹം ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.