
ശബരിമല സ്വര്‍ണക്കൊള്ളയിലെ രണ്ടാമത്തെ കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. സ്വര്‍ണ്ണക്കൊള്ളയില്‍ ഉന്നത ഇടപെടല്‍ സംശയിക്കപ്പെടുന്ന സാഹചര്യത്തിലാണ് പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും വിശദമായി ചോദ്യം ചെയ്യുക.നേരത്തെ പത്മകുമാര്‍ നല്‍കിയ മൊഴി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരിലേക്ക് വിരല്‍ ചൂണ്ടിയിരുന്നു.ഒരു ദിസത്തെ കസ്റ്റഡി അപേക്ഷ ഇന്ന് കൊല്ലം വിജിലന്‍സ് കോടതി പരിഗണിക്കും. ഗൂഢാലോചനയില്‍ അടക്കം പങ്കുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കട്ടിളപ്പാളി കേസിന് പിന്നാലെ ദ്വാരപാലക ശില്‍പ കവര്‍ച്ചയിലും എ പത്മകുമാറിനെ എസ്‌ഐടി പ്രതി ചേര്‍ത്തത്.
പത്മകുമാറിന്റെയും മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന്റെ ജാമ്യാപേക്ഷയിലും ഇന്ന് വാദം നടക്കും. ദേവസ്വം മുന്‍ കമ്മീഷണറും പ്രസിഡന്റുമായ എന്‍ വാസുവിനെ റിമാന്‍ഡ് കാലാവധി നീട്ടാന്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും. കള്ളപ്പണ ഇടപാട് പരിശോധിക്കാന്‍ കേസ് രേഖകള്‍ ആവശ്യപ്പെട്ട് ഇ ഡി സമര്‍പ്പിച്ച അപേക്ഷ ഈ മാസം 10നാണ് വിജിലന്‍സ് കോടതി പരിഗണിക്കുന്നത്.