കൊല്ലം: ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ പിടിയിലായ പത്മകുമാറിനെയും കുടുംബത്തെയും പുലർച്ചെ വരെ ചോദ്യം ചെയ്ത് പോലീസ്. മൊഴികളിൽ വൈരുധ്യം. ഇന്ന് രാവിലെ ചോദ്യം ചെയ്യൽ വീണ്ടും പുനരാരംഭിക്കും. പത്മകുമാറിന്‍റെ സാമ്പത്തിക ഇടപാടുകൾ പോലീസ് സമഗ്രമായി പരിശോധിക്കുന്നു.
കുട്ടിയുടെ കുടുംബവുമായി പത്മകുമാറിനു പണമിടപാട് ഉണ്ടായിരുന്നോ, തട്ടിക്കൊണ്ടുപോകലിനു മറ്റൊരു സംഘം കൂടി സഹായിച്ചിട്ടുണ്ടോ, കുറ്റകൃത്യത്തിൽ പത്മകുമാറിന്‍റെ ഭാര്യയുടെയും മകളുടെയും പങ്കെന്ത്, എവിടെയൊക്കെയാണു കുട്ടിയെ ഒളിപ്പിച്ചത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത ലഭിക്കേണ്ടതുണ്ട്. ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ. പത്മകുമാർ, ഭാര്യ അനിത കുമാരി, മകൾ പി. അനുപമ എന്നിവരാണ് പുളിയറ പുതൂരിലെ ഹോട്ടലിൽ ഭക്ഷണം കഴിച്ചിറങ്ങവേ പോലീസിന്‍റെ പിടിയിലായത്.
10 മണിക്കൂറാണ് പത്മകുമാറിനെയും കുടുംബത്തെയും അടൂർ കെഎപി ക്യാമ്പില്‍ ചോദ്യം ചെയ്തത്. പുലർച്ചെ മൂന്നു മണി വരെ ചോദ്യംചെയ്യൽ നീണ്ടു. അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ മടങ്ങി. രാവിലെ തിരികെ എത്താൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ട്. എഡിജിപിയും ഡിഐജിയും ക്യാമ്പിൽ തന്നെ തുടരുകയാണ്. ചോദ്യംചെയ്യൽ രാവിലെ പുനഃരാരംഭിക്കും. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു കാറുകളും പ്രതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.