അഴിമതിയിൽ ശ്വാസം മുട്ടി പിടയുന്ന സർക്കാരാണ് പിണറായി സർക്കാരെന്ന് പത്മജ വേണുഗോപാൽ

Jaihind News Bureau
Wednesday, November 4, 2020

അഴിമതിയിൽ ശ്വാസം മുട്ടി പിടയുന്ന സർക്കാരാണ് പിണറായി സർക്കാരെന്ന് കെ.പി.സി.സി. വൈസ് പ്രസിഡന്‍റ് പത്മജ വേണുഗോപാൽ. “കേറി വാടാ മക്കളേ” എന്ന് പറഞ്ഞ് കേന്ദ്ര കുറ്റാന്വേഷണ ഏജൻസികളെ പിണറായി വിജയൻ അന്വേഷണത്തിന് കേരളത്തിലേക്ക് ക്ഷണിച്ചു വരുത്തി, അന്വേഷണം തന്‍റെ സർക്കാരിന്‍റെ കാലത്ത് നടന്ന നിരവധി അഴിമതികളിലേക്ക് വ്യാപിച്ചപ്പോൾ, താനും അന്വേഷണ ഏജൻസിക്ക് മുമ്പിൽ ഹാജരാകേണ്ടി വരും എന്ന തോന്നൽ വന്നപ്പോൾ മുഖ്യമന്ത്രിക്ക് ഇപ്പോൾ ഹാലിളകി.. ഇപ്പോൾ അന്വേഷണ ഏജൻസികളെ ഭീഷണിപ്പെടുത്തി രക്ഷപെടാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും പത്മജ വേണുഗോപാൽ പറഞ്ഞു.

പോസ്റ്റിന്‍റെ പൂർണരൂപം :

“കേറി വാടാ മക്കളേ” എന്ന് പറഞ്ഞ് കേന്ദ്ര കുറ്റാന്വേഷണ ഏജൻസികളെ പിണറായി വിജയൻ അന്വേഷണത്തിന് കേരളത്തിലേക്ക് ക്ഷണിച്ചു വരുത്തി..

പിന്നെ കുറെയേറെ ധീര വാചകങ്ങളും ജനത്തോടായി- ” മടിയിൽ ഭാരം ഉള്ളവനേ വഴിയിൽ പേടിക്കേണ്ടതുള്ളൂ”*** ഉപ്പ് തിന്നവൻ വെള്ളം കുടിക്കും**** ആർക്കാണ് നെഞ്ചിടിപ്പ് ഉണ്ടാകുന്നതെന്ന് കാണാം**** പഴയ മുഖ്യമന്ത്രിയുടെ ഓഫീസ് പോലെയാണ് തന്‍റെ ഓഫീസുമെന്നാണോ പറയുന്നത്.. ***എന്നെ കൊണ്ട് പറയിപ്പിക്കണോ, ഞാൻ പറയണോ..?**–ഊരിപ്പിടിച്ച വാളുകൾക്ക് നടുവിലൂടെ മന്ദം മന്ദം ചിരിച്ചു കൊണ്ട് നടന്ന സഖാവ് പിണറായി തട്ടി വിട്ട ധീര വചനങ്ങൾ ആയിരുന്നു ഇതൊക്കെ, കാരണം ഇങ്ങനെ ഒക്കെ പറഞ്ഞാൽ ജനം അങ്ങയെ ഒരിക്കലും സംശയിക്കില്ലെന്ന് ഏതോ ഉപദേശകൻ പറഞ്ഞു കൊടുത്തത്രേ..

അന്വേഷണം തന്‍റെ സർക്കാരിന്‍റെ കാലത്ത് നടന്ന നിരവധി അഴിമതികളിലേക്ക് വ്യാപിച്ചപ്പോൾ, താനും അന്വേഷണ ഏജൻസിക്ക് മുമ്പിൽ ഹാജരാകേണ്ടി വരും എന്ന തോന്നൽ വന്നപ്പോൾ മുഖ്യമന്ത്രിക്ക് ഇപ്പോൾ ഹാലിളകി.. ഇപ്പോൾ അന്വേഷണ ഏജൻസികളെ ഭീഷണിപ്പെടുത്തി രക്ഷപെടാനാണ് അദ്ദേഹം ശ്രമിക്കുന്നത്…

ജനത്തിന് ഒരു കാര്യം ഏതായാലും ബോധ്യപ്പെട്ടു–

” പിണറായി വിജയന്‍റെ മടിയിൽ കനമുണ്ട്.. ഇരട്ട ചങ്കുള്ള അദ്ദേഹത്തിന്‍റെ രണ്ടു നെഞ്ചുകളും ഭയത്താൽ അതിവേഗതയിൽ ഇടിച്ചു കൊണ്ടിരിക്കുന്നു” – “അഴിമതിയിൽ ശ്വാസം മുട്ടി പിടയുന്ന സർക്കാരാണ്
പിണറായി സർക്കാർ ‘
(പത്മജ വേണുഗോപാൽ,KPCC വൈസ് പ്രസിഡന്‍റ്)