മൂന്നാറിൽ വീണ്ടും പടയപ്പ; രണ്ടു കടകൾ തകർത്തു, ജനങ്ങള്‍ ആശങ്കയില്‍

Jaihind Webdesk
Monday, January 22, 2024

ഇടുക്കി: മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി. രാവിലെയായിരുന്നു വിനോദ സഞ്ചാര കേന്ദ്രമായ ഇക്കോ പോയിന്‍റില്‍ പടയപ്പ ഇറങ്ങിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മൂന്നാറിലെ ജനവാസ കേന്ദ്രങ്ങളിലൂടെ പടയപ്പ സഞ്ചരിക്കുകയായിരുന്നു. രണ്ടു കടകൾ തകർത്ത് പഴങ്ങൾ എടുത്ത് കഴിച്ചു. രാവിലെ എട്ടുമണിയോടെയാണ് പടയപ്പ മൂന്നാര്‍ ഇക്കോപോയിന്‍റില്‍ എത്തുന്നത്.

ഏറെ നേരം പടയപ്പ സ്ഥലത്ത് തന്നെ ചുറ്റിത്തിരിഞ്ഞു. ആളുകള്‍ ബഹളം വച്ചതോടെയാണ് പടയപ്പ സ്ഥലത്തു നിന്നും മാറിയത്. കഴിഞ്ഞ ദിവസം മൂന്നാര്‍ പെരിയവര പുതുക്കാട് എസ്റ്റേറ്റിലെത്തി കൃഷികൾ നശിപ്പിച്ചിരുന്നു. ഏതാനും ദിവസം മുമ്പ് പെരിയവര എസ്റ്റേറ്റിലെ റേഷന്‍കട തകർത്ത് മൂന്ന് ചാക്ക് അരി ഭക്ഷിക്കുകയും ചെയ്തിരുന്നു. ജനങ്ങള്‍ വലിയ ആശങ്കയിലാണുള്ളത്. പകല്‍ സമയത്ത് പോലും പടയപ്പ ജനവാസ മേഖലയിൽ ചുറ്റിക്കറങ്ങുകയാണ്.