‘വന്ദേഭാരതില്‍ പോയാല്‍ അപ്പം കേടാകും, മാഷ് പറഞ്ഞത് ശരിയാണ്’; മന്ത്രി മുഹമ്മദ് റിയാസ്

Jaihind Webdesk
Monday, April 17, 2023

 

കോഴിക്കോട്: വന്ദേഭാരത് ട്രെയിനില്‍ പോയാല്‍ അപ്പം കേടാകുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ കമന്‍റിനെ പിന്തുണച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. വന്ദേഭാരത് ഔദാര്യമല്ലെന്നും അത് കെ റെയിലിന് പകരമാവില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

‘ഗോവിന്ദന്‍ മാഷ് പറഞ്ഞത് വളരേ ശരിയായ കാര്യമാണ്. റെയില്‍വേ ലൈനിലെ വളവുകള്‍ നിവര്‍ത്താന്‍ ചുരുങ്ങിയത് പത്ത് മുതല്‍ 20 വര്‍ഷം വരെ എടുക്കുമെന്നാണ് പലരും പറയുന്നത്. അതൊരു യാഥാര്‍ത്ഥ്യമാണ്. സില്‍വര്‍ലൈന്‍ വന്നാല്‍ വളരേ വേഗത്തില്‍ കേരളത്തിന്‍റെ ഒരറ്റത്തുനിന്ന് മറ്റൊരു അറ്റത്തേക്ക് എത്താന്‍ സാധിക്കും. വളവുകള്‍ നിവര്‍ത്തിയാല്‍ വന്ദേഭാരത് ട്രെയിന്‍ ഓടുന്നതിനേക്കാള്‍ വേഗത്തില്‍ സില്‍വര്‍ലൈനില്‍ എത്താന്‍ സാധിക്കും. അതാണ് ഗോവിന്ദന്‍ മാഷ് പറഞ്ഞ, കുടുംബശ്രീയിലുള്‍പ്പടെയുള്ളവര്‍ക്ക് ഒറ്റത്തുനിന്ന് മറ്റൊരു അറ്റത്തേക്ക് അപ്പം കൊണ്ടുപോയി വിറ്റ് തിരിച്ച് പെട്ടെന്ന് തന്നെ എത്താന്‍ പറ്റുന്ന സാഹചര്യമുണ്ടാവും. വന്ദേഭാരത് ട്രെയിനില്‍ പോയാല്‍ അപ്പം കേടാവും എന്ന് മാഷ് പറഞ്ഞത് വളരെ ശരിയാണ്, വസ്തുതയാണ്’ – മുഹമ്മദ് റിയാസ് പറഞ്ഞു.

കേരളത്തിലേക്ക് പുതിയ ട്രെയിന്‍ വരുന്നത് സന്തോഷകരമായ കാര്യമാണ്. എന്നാല്‍ പുതിയ ട്രെയിന്‍ വന്നു, അതുകൊണ്ട് എല്ലാമായെന്ന പ്രചരണം ശരിയല്ലെന്നും ഇതിന് പിന്നില്‍ ചിലരുടെ താത്പര്യങ്ങളുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.