മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍സെക്രട്ടറി പി.ശശിയ്ക്ക് പൂജപ്പുരയില്‍ ആയുര്‍വേദ ചികിത്സ; ചെലവായ പണം സര്‍ക്കാര്‍ നല്‍കി

Jaihind Webdesk
Friday, November 17, 2023

മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയും സിപിഎം നേതാവുമായ പി ശശിയുടെ ചികിത്സയ്ക്ക് ചെലവായ പണം സര്‍ക്കാര്‍ അനുവദിച്ചു. പൂജപ്പുര ഗവണ്‍മെന്റ് പഞ്ചകര്‍മ്മ ആശുപത്രിയില്‍ 2022 സെപ്തംബര്‍ 19 മുതല്‍ ഒക്ടോബര്‍ 13 വരെ നടത്തിയ ആയുര്‍വേദ ചികിത്സയ്ക്ക് ചെലവായ 10680 രൂപയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും സര്‍ക്കാര്‍ അനുവദിച്ച് ഉത്തരവിട്ടത്. 2022 നവംബര്‍ മൂന്നിന് ചികിത്സയ്ക്ക് ചെലവായ പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പി ശശി അപേക്ഷ നല്‍കിയിരുന്നു. ഈ തുകയാണ് 2023 ജനുവരി 23 ന് അനുവദിച്ചത്. ഗവര്‍ണറുടെ ഉത്തരവ് പ്രകാരം ജോയിന്റ് സെക്രട്ടറി എആര്‍ ഉഷയാണ് തുക അനുവദിച്ചത്. മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സയ്ക്ക് അമേരിക്കയിലും കേരളത്തിലുമായി ചെലവായ തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 2020 മുതലുള്ള ചികിത്സാ ചെലവുകളാണ് അനുവദിച്ചത്. അമേരിക്കയിലെ മയോ ക്ലിനിക്കില്‍ മാത്രം 72,09,482 രൂപയാണ് ചെലവായത്. 2022 ജനുവരിയിലും ഏപ്രില്‍, മെയ് മാസങ്ങളിലുമായാണ് മയോ ക്ലിനിക്കില്‍ മുഖ്യമന്ത്രി ചികിത്സ തേടിയത്. കേരളത്തില്‍ മുഖ്യമന്ത്രിക്കും ഭാര്യ കമലക്കും 2020 മുതല്‍ 2023 വരെ കാലയളവില്‍ ലെജിസ്ലേറ്റീവ് ഹോസ്റ്റല്‍ ഹെല്‍ത്ത് ക്ലിനിക്കിലും ആയുര്‍വേദ ചികിത്സയ്ക്കും ചെലവായതടക്കം 74.99 ലക്ഷം രൂപയാണ് (7499932 രൂപ) സര്‍ക്കാര്‍ അനുവദിച്ചത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും തുക അനുവദിച്ചതിന്റെ രേഖ പുറത്തുവന്നത്.