വിജു ജേക്കബ് എഴുതിയ ‘ സുഗന്ധ ജീവിതം ‘ വായിക്കണം ; എന്നിട്ടു മതി പി രാജീവിന്റെ വാചകമടി

Jaihind News Bureau
Thursday, February 20, 2025

വസ്തുനിഷ്ഠ ഘടകവും ആത്മനിഷ്ഠ ഘടകവും തമ്മിലുള്ള മൂര്‍ത്തവും അമൂര്‍ത്തവുമായ ബന്ധത്തെ ക്രിയാത്മകമായ ഇടപെടലിലൂടെ പഠന വിധേയമാക്കുന്ന ബുജി മൊത്തവ്യാപാര മന്ത്രി പി രാജീവരര് അറിയാനും വായിക്കാനുമാണ് ഇനിയുള്ള കാര്യങ്ങള്‍ പറയുന്നത്

കേരളത്തിന്റെ വ്യവസായ മന്ത്രി ശ്രീ പി രാജീവ് കഴിഞ്ഞ ദിവസം പറഞ്ഞ, ‘ഒലിയോ റെസിന്‍ ‘ഉല്പാദിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്ന് എന്നത്, എറണാകുളം കോലഞ്ചേരിയിലുള്ള സിന്തൈറ്റ് ഇന്‍ഡസ്ട്രിയെ കുറിച്ചാണ്. കമ്പനിയുടെ ഉടമയും, മാനേജിംഗ് ഡയറക്ടറുമായ ഡോക്ടര്‍ വിജു ജേക്കബിന്റെ ‘സുഗന്ധ ജീവിതം’ എന്ന ആത്മകഥ ഡിസംബര്‍ 2023ല്‍ മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയതാണ്. ജീവിതത്തില്‍ ഇനി ഒരിക്കലും ആവര്‍ത്തിക്കരുതെന്ന് ആഗ്രഹിക്കുന്ന എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാല്‍ താന്‍ ആദ്യം പറയുക സിന്തൈറ്റിലെ തൊഴില്‍ സമരത്തെക്കുറിച്ചായിരിക്കും എന്നാണ് വിജു ജേക്കബ് പുസ്തകത്തില്‍ പറയുന്നത്.

കോലഞ്ചേരിയില്‍ പ്രവര്‍ത്തിച്ചിരുന്ന സിന്തൈറ്റിന്റെ ഒരു യൂണിറ്റ് കേരളത്തിന് വെളിയിലേക്കും,സ്‌പ്രേ ഡ്രൈയിങ് യൂണിറ്റ് മരുതൂരിലേക്കും മാറ്റിയതുമായി ബന്ധപ്പെട്ട് സി ഐ ടി യു വിന്റെ നേതൃത്വത്തില്‍ 2018ല്‍ നടന്ന തൊഴില്‍ സമരത്തെ കുറിച്ചാണ് വിജു ജേക്കബ് പറയുന്നത്. ആ സമര ദിനങ്ങളെ ആത്മകഥയില്‍ വിജു ജേക്കബ് ഓര്‍ത്തെടുക്കുന്നതിങ്ങനെയാണ്. ‘ ആ നാളുകള്‍ ഇന്നും കണ്‍മുന്നിലുണ്ട്. ഗേറ്റില്‍ 30- 40 വരുന്ന സി ഐ ടി യു പ്രവര്‍ത്തകര്‍ കൊടി കുത്തിയിരിക്കുകയാണ്. മാനേജ്‌മെന്റിലുള്ളവര്‍ക്ക് മാത്രം കമ്പനിക്ക് അകത്തേക്ക് പ്രവേശിക്കാം. ഞങ്ങളുടെ കാറുകള്‍ കയറ്റിവിടും. ജോലിചെയ്യാന്‍ എത്തുന്നവരെ ഗേറ്റില്‍ തടയും. അവിടെ നിറയെ കൊടികളും പോസ്റ്റുകളും ബാനറുകളും. ഒരു സംഭാഷണത്തിനോ വിട്ടുവീഴ്ചയ്ക്ക് അവസരമില്ലാത്ത വിധം വാതിലുകള്‍ അടഞ്ഞു കൊണ്ടിരുന്നു. സമരം ചെയ്യുന്നവര്‍ വ്യാജ പ്രചാരണങ്ങള്‍ നാടെങ്ങും നടത്തിയപ്പോള്‍ കമ്പനിയ്ക്ക് ഉണ്ടായിരുന്ന സല്‍പേരില്‍ കൂടിയാണ് ചെളി വീണത്. കമ്പനിയുടെ ആംബുലന്‍സ് തല്ലി തകര്‍ത്തു ഉത്പാദനത്തിനുള്ള സാധനങ്ങളുമായി വരുന്ന വണ്ടികള്‍ തടഞ്ഞു. ആവശ്യ സര്‍വീസിലുള്ള ജീവനക്കാരെ പോലും കമ്പനിക്കുള്ളില്‍ കയറ്റാതെ തല്ലി ഓടിച്ചു. പോലീസിന് കാഴ്ചക്കാരായി നോക്കി നില്‍ക്കാനേ സാധിച്ചുള്ളൂ. ഇതൊരു വലിയ പ്രതിസന്ധിയായി. പ്രവര്‍ത്തിപ്പിക്കാനാകാത്ത ഫാക്ടറിയില്‍ നിന്ന് എങ്ങനെയാണ് സാധനങ്ങള്‍ അയക്കുക. ഞങ്ങള്‍ കൈകാലുകള്‍ കെട്ടപ്പെട്ടവരായിരുന്നു. നഷ്ടം ദിനംപ്രതി കൂടി വന്നു. അത് കോടികളിലേക്ക് പെരുകി. ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നുള്ള സമ്മര്‍ദ്ദം കൂടിക്കൂടി വന്നു കമ്പനിയുടെ പ്രവര്‍ത്തനം കേരളത്തിന് വെളിയിലേക്ക് മാറ്റാമെന്ന് തത്വത്തില്‍ ധാരണയായി. മനം മടുത്തൊരു ദിവസം താന്‍ ലോകത്തോട് വിളിച്ചുപറഞ്ഞു എനിക്കു മതിയായി ഞാനും കമ്പനിയും ഈ നാട് വിടുകയാണ്.’

എങ്ങനെയാണ് ഇത്ര ഗുരുതരമായ തൊഴില്‍ തര്‍ക്കത്തിന് അവസാനം പരിഹാരം ഉണ്ടായതെന്നും വിജു എഴുതുന്നുണ്ട് . ‘മുഖ്യമന്ത്രിയെ നേരിട്ട് കണ്ടാല്‍ മാത്രമേ പ്രശ്‌നം പരിഹാരമുണ്ടാകുമെന്ന് തനിക്ക് തോന്നിയപ്പോള്‍ താന്‍ ആദ്യമായി പിണറായി വിജയന്‍ എന്ന നേതാവിനു മുന്നിലെത്തി. സ്റ്റാഫിന്റെയും പ്ലാന്റ് ഓപ്പറേറ്റര്‍മാരുടെയും ശമ്പളം, കമ്പനിയുടെ പ്രവര്‍ത്തന രേഖകള്‍ എന്നിവ അദ്ദേഹത്തിന് കൊടുത്തു. മുഖ്യമന്ത്രി അതെല്ലാം രണ്ടു മൂന്നു പേജ് മറിച്ചു നോക്കി എന്നിട്ട് പറഞ്ഞു, നിങ്ങള്‍ പൊയ്‌ക്കോളൂ ഞാന്‍ നോക്കിക്കോളാം. ഭാഗ്യം എന്നു പറയട്ടെ ആ ദിവസങ്ങളില്‍ നിയമസഭ ചേരുന്നുണ്ടായിരുന്നു. ചാനലുകളിലും പത്രങ്ങളിലും സിന്തൈറ്റിലെ സമരം പ്രധാന വാര്‍ത്തയായി നിറഞ്ഞുനില്‍ക്കുന്നു. കമ്പനി കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു എന്നത് വലിയ തലക്കെട്ടുകളായി. മലയാള മനോരമ മുഖപ്രസംഗം വരെ എഴുതി. അന്നത്തെ കുന്നത്തുനാട് എം എല്‍ എ വി പി സജീന്ദ്രന്‍ വിഷയം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു.കേരളത്തിലെ വ്യവസായന്തരീക്ഷം മെച്ചപ്പെടുത്തണമെന്നും, വ്യാവസായിക സൗഹൃദ സംസ്ഥാനമാകണം ഇവിടം എന്നും അദ്ദേഹത്തെ പിന്തുണച്ചവര്‍ പറഞ്ഞു. നിയമസഭയില്‍ മുഖ്യമന്ത്രി തന്നെ സമരത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. അതിന്റെ തലേന്നാണ് ഞാന്‍ മുഖ്യമന്ത്രിയെ കണ്ടത്. അതും നിയമസഭയിലെ ചര്‍ച്ചയും അനുഗ്രഹമായി ഭവിച്ചു. അന്ന് വൈകുന്നേരമായപ്പോള്‍ സമരം അവസാനിക്കുന്നതിന്റെ ലക്ഷണങ്ങള്‍ തെളിഞ്ഞുവന്നു. മുഖ്യമന്ത്രിയുടെ അവസരോചിതമായ ഇടപെടലാണ് ഇതിന് കളമൊരുക്കിയത്. ആ കടപ്പാടും സ്‌നേഹവും ബഹുമാനവും ഇന്നും എനിക്ക് പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയോടുണ്ട്.

കോട്ടയത്ത് തിരുവാര്‍പ്പ് എന്ന സ്ഥലത്ത് ഒരു സ്വകാര്യ ബസ്സുടമയുടെ ബസ്സിനു മുന്നില്‍ സമരക്കാര്‍ കൊടികെട്ടിയതിനെക്കുറിച്ച് ആ വാര്‍ത്ത കണ്ടപ്പോള്‍ താനും വരവേല്‍പ്പ് എന്ന് സിനിമയോര്‍ത്തു എന്ന് തുടര്‍ന്നുള്ള അദ്ധ്യായത്തില്‍ വിജു ജേക്കബ് പറയുന്നുണ്ട്. ‘എന്റെ കൊടിയില്‍ തൊട്ടാല്‍ നിന്റെ വീട്ടില്‍ കയറി തല്ലുമെന്ന’തൊഴിലാളി യൂണിയന്‍ നേതാവിന്റെ അലര്‍ച്ച കേട്ടപ്പോള്‍ ആ ബസ്സുടമ അഞ്ചുവര്‍ഷം മുമ്പത്തെ താന്‍ തന്നെയാണെന്ന് തോന്നിപ്പോയി’ എന്നാണ് പറയുന്നത്.

ഫാക്റ്റിലെ മുന്‍ മാനേജിങ് ഡയറക്ടറായ എം കെ കെ നായരുടെ ആത്മകഥയായ ‘ആരോടും പരിഭവമില്ലാതെ’ എന്ന പുസ്തകത്തിലെ ചില വരികള്‍ വിജു ജേക്കബ് ഉദ്ധരിക്കുന്നുണ്ട്.’വ്യവസായങ്ങളില്‍ നിരന്തരമായ സംഘര്‍ഷം നിലനില്‍ക്കേണ്ടുന്നത് ട്രേഡ് യൂണിയന്‍ നേതാക്കളുടെ ആവശ്യമായി വന്നു. ഓരോ പണിമുടക്ക് കഴിയുംതോറും ഒരു തൊഴിലാളി നേതാവ് ഒരു പുതിയ ലോറിയോ ഒരു നല്ല വീടോ സമ്പാദിക്കുക പതിവായിരുന്നു. അങ്ങനെ ട്രേഡ് യൂണിയന്‍ എന്ന പേര് പോയി ‘യൂണിയന്‍ ട്രേഡ്’ ആയപ്പോള്‍ വ്യവസായ സംരംഭകര്‍ കേരളത്തില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളിലേക്ക് അവരുടെ വ്യവസായങ്ങള്‍ മാറ്റി സ്ഥാപിച്ചു തുടങ്ങി. കാലക്രമേണ കേരളത്തിലെ തൊഴിലാളികള്‍, വ്യവസായത്തില്‍ നിക്ഷേപിക്കുവാന്‍ കഴിവുള്ളവര്‍ക്ക് ഒരു പേടിസ്വപ്നമായി തുടങ്ങി’. എം കെ കെ നായര്‍ 1989 ല്‍ എഴുതിയതില്‍ നിന്ന് മൂന്നു പതിറ്റാണ്ട് കഴിയുമ്പോഴും ഈ അവസ്ഥയില്‍ എന്തു മാറ്റമാണ് കേരളത്തിലുള്ളതെന്ന മില്യണ്‍ ഡോളര്‍ ചോദ്യം വിജു ജേക്കബ് പുസ്തകത്തില്‍ ചോദിക്കുന്നുണ്ട്.

കേരളത്തിനെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കുവാന്‍ ശ്രമിക്കുമ്പോള്‍ തീര്‍ച്ചയായും മുന്നില്‍ വരേണ്ടത് പണ്ട് എം കെ കെ നായരും, 2023 ല്‍ വിജു ജേക്കബും ഉയര്‍ത്തിയ കേരളത്തിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ വ്യവസായത്തോടുള്ള നിഷേധാത്മക സമീപനം കൂടിയാണ്. പിണറായി വിജയന്റെ ആര്‍ജ്ജവും അദ്ദേഹത്തിന് പാര്‍ട്ടിയിലുള്ള സ്വാധീനവും സമരം തീര്‍ക്കുവാന്‍ സഹായകരമായതും, മലയാള മനോരമയും,മാതൃഭൂമിയും പോലുള്ള ദിനപത്രങ്ങളും സജീന്ദ്രന്‍ എംഎല്‍എയും സിന്തൈറ്റിനൊപ്പം നിന്നതും കണക്കിലെടുത്താലും, ഇവരുടെയൊന്നും സഹായം ആവശ്യപ്പെടുവാന്‍ സാധിക്കാത്ത ഒരു സാധാരണ വ്യവസായിയെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രശ്‌നമായി ട്രേഡ് യൂണിയനുകള്‍ കേരളത്തില്‍ മാറുന്നുണ്ടെന്നത് വസ്തുതയാണ്. ട്രേഡ് യൂണിയനുകളുടെ ശൈലി മാറ്റത്തിന് കൂടി ശ്രമിക്കാതെ നടത്തുന്ന ഉദ്യമങ്ങള്‍ വിജയകരമാകുമോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.