P P Thankachan | പിപി തങ്കച്ചന്റെ വിയോഗം: കോണ്‍ഗ്രസിന് കനത്ത നഷ്ടമെന്ന് സണ്ണി ജോസഫ് ; മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ച് കെപിസിസി

Jaihind News Bureau
Thursday, September 11, 2025

സംസ്ഥാനത്ത് കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്നു പിപി തങ്കച്ചന്‍. ദീര്‍ഘകാലത്തെ ബന്ധമാണ് തനിക്ക് അദ്ദേഹവുമായി ഉണ്ടായിരുന്നത്. പിപി തങ്കച്ചന്‍ കെപിസിസി പ്രസിഡന്റിന്റെ ചുമതല വഹിച്ചിരുന്ന കാലഘട്ടത്തിലാണ് താന്‍ കണ്ണൂര്‍ ഡിസിസി പ്രസിഡന്റായി പ്രവര്‍ത്തിച്ചത്. യുഡിഎഫ് കണ്‍വീനായി അദ്ദേഹം പ്രവര്‍ത്തിച്ച കാലഘട്ടത്തിലും ജില്ലാ ചെയര്‍മാനായി പ്രവര്‍ത്തിക്കാനും തനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ വലിയ പിന്തുണയും പ്രോത്സാഹനവും അദ്ദേഹത്തില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. സൗമ്യശീലനായ അദ്ദേഹം എല്ലാവരോടും സൗഹൃദം പുലര്‍ത്തി.

യുഡിഎഫ് കണ്‍വീനറായി പ്രവര്‍ത്തിക്കുന്ന കാലഘട്ടത്തില്‍ പാര്‍ട്ടിയേയും മുന്നണിയേയും ഒരുമിച്ച് കൊണ്ട് പോകുന്നതില്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്തിയ നേതാവാണ്. പാര്‍ലമെന്ററി രംഗത്തും സംഘടനാരംഗത്തും ഏറ്റെടുത്ത ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിര്‍വഹിച്ചു.എറണാകുളം ഡിസിസി പ്രസിഡന്റായും എംഎല്‍എയായും പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച അദ്ദേഹം സ്പീക്കറായും മന്ത്രിയായും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു. സമഭാവനയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലി. മുന്‍സിഫ് സെലക്ഷന്‍ കിട്ടിയിട്ടും അതുപേക്ഷിച്ച് പൊതുപ്രവര്‍ത്തനം തെരഞ്ഞെടുത്ത വ്യക്തിയാണ് പിപി തങ്കച്ചനെന്നും സണ്ണി ജോസഫ് അനുസ്മരിച്ചു.

പിപി തങ്കച്ചനെ പോലൊരു മുതിര്‍ന്ന നേതാവിന്റെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണ്. പിപി തങ്കച്ചന്റെ നിര്യാണത്തെ തുടര്‍ന്ന് കെപിസിസി മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിക്കുന്നതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.