K C Venugopal M P| ‘പി.എം. ശ്രീ’ ബിജെപി-സിപിഎം ഡീലിന്റെ ഭാഗം: കെ.സി. വേണുഗോപാല്‍ എം പി

Jaihind News Bureau
Wednesday, October 22, 2025

കേന്ദ്ര സര്‍ക്കാരിന്റെ ‘പി.എം. ശ്രീ’ പദ്ധതി നടപ്പാക്കുന്നത് ബിജെപി-സിപിഎം ഡീലിന്റെ ഭാഗമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഹൈക്കോടതി വിധി വന്ന പശ്ചാത്തലത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

‘പി.എം. ശ്രീ’ പദ്ധതി നടപ്പാക്കുന്നതില്‍ സി.പി.എം. നിലപാട് മാറ്റിയെന്ന് കെ.സി. വേണുഗോപാല്‍ ആരോപിച്ചു. ഇത് ബിജെപി-സിപിഎം ഡീലിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പദ്ധതി നടപ്പാക്കുന്നു എന്ന വാദം തെറ്റാണ്. ബിജെപി ഭരിക്കുമ്പോഴാണ് കര്‍ണാടകത്തില്‍ പദ്ധതി നടപ്പാക്കിയതെന്ന് വ്യക്തമാക്കിയ അദ്ദേഹം പദ്ധതി നടപ്പാക്കുന്നതില്‍ സി.പി.ഐ.യുടെ എതിര്‍പ്പ് എത്രത്തോളം നീണ്ടുപോകുമെന്ന് കാത്തിരുന്ന് കാണാമെന്നും കൂട്ടിച്ചേര്‍ത്തു.

കൂടാതെ, സിലബസില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നതിനെ കോണ്‍ഗ്രസ് അംഗീകരിക്കില്ല. ‘ഗാന്ധിയെക്കുറിച്ച് പഠിക്കേണ്ട എന്നതിന് 1400 കോടി രൂപ കൈക്കൂലി ആണോ?’ എന്നും അദ്ദേഹം ചോദ്യമുയര്‍ത്തി.

അതേസമയം ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡിനെതിരായ ഹൈക്കോടതി വിധി അതീവ ഗൗരവകരമാണ് കെ സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ഒരു നിമിഷം പോലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് തുടരാന്‍ അര്‍ഹതയില്ലെന്നും അന്വേഷണത്തിന്റെ സാധ്യത ഹൈക്കോടതി വര്‍ധിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇടത് സര്‍ക്കാരിന്റെ കാലത്ത് അമ്പലങ്ങള്‍ക്ക് രക്ഷയില്ല. അമ്പലങ്ങളിലെ സ്വത്തുക്കള്‍ കവര്‍ന്നെടുക്കാന്‍ സര്‍ക്കാര്‍ ലൈസന്‍സ് കൊടുക്കുകയാണ്. 2025-ല്‍ സ്‌പെഷ്യല്‍ കമ്മീഷണറെ മാറ്റി നിര്‍ത്തിയാണ് പല കാര്യങ്ങളും നടപ്പാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

താന്‍ കേരളത്തില്‍ സജീവമായി ഉണ്ടാകുമെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. എന്നാല്‍ ഇത് ഏതെങ്കിലും കസേരയ്ക്ക് വേണ്ടിയുള്ള സജീവതയല്ല. യു.ഡി.എഫിനെ ശക്തിപ്പെടുത്തി വിജയിപ്പിക്കാനുള്ള സജീവതയാണ്. ‘മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ താഴെയിറക്കാനുള്ള സജീവതയാണ്.’ താന്‍ കേരളത്തില്‍ തന്നെയുള്ള ആളാണെന്നും ആലപ്പുഴയിലെ ജനങ്ങള്‍ എന്നെ വിജയിപ്പിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.