മലപ്പുറം: സംസ്ഥാനത്ത് തുടര്‍ച്ചയായി പത്ത് വര്‍ഷം ഭരണം ലഭിച്ച സി.പി.എം., അവശ പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ കാലാകാലങ്ങളായി നേടിയെടുത്ത പുരോഗതി ഇല്ലാതാക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഒരു പ്രത്യേക മത വിഭാഗത്തെ ഒഴിവാക്കാനും പാര്‍ട്ടി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
മലപ്പുറം ആനക്കയം പഞ്ചായത്ത് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ വിഭാഗങ്ങളെ സി.പി.എം. അകറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന തന്റെ അഭിപ്രായം തന്നെയാണ് കഴിഞ്ഞ ദിവസം കെ.എം. ഷാജി പറഞ്ഞതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
‘കഴിഞ്ഞ 10 വര്‍ഷമായി തുടര്‍ച്ചയായി ഭരണം കിട്ടിയപ്പോള്‍ അവശ പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ കാലാകാലങ്ങളായി നേടിയെടുത്ത പുരോഗതി കൈവിട്ട് പോകുന്ന അവസ്ഥയിലാണ്. ഒരു മതക്കാരെ ഒഴിവാക്കാന്‍ ശ്രമിക്കുന്നു. അത് തന്നെയാണ് കെ.എം. ഷാജി കഴിഞ്ഞ ദിവസം പറഞ്ഞത്,’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ന്യൂനപക്ഷ വിഷയങ്ങളില്‍ സി.പി.എമ്മിന് വ്യക്തമായ കാഴ്ചപ്പാടില്ലെന്നും, വര്‍ഗീയ ധ്രുവീകരണത്തിന് വഴിവെക്കുന്ന സമീപനമാണ് പാര്‍ട്ടി സ്വീകരിക്കുന്നതെന്നും നേരത്തെയും കുഞ്ഞാലിക്കുട്ടി ആരോപിച്ചിരുന്നു.