മലപ്പുറം: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ. നവകേരള സദസിനെത്തുന്നവർക്ക് മർദ്ദനമേൽക്കുന്നത് സർക്കാരിന് തന്നെയാണ് അപമാനമെന്ന് അദ്ദേഹം പറഞ്ഞു. ഭരണ നേട്ടം ജനങ്ങളിലെത്തിക്കുന്നതിനായാണ് സദസെന്നാണ് പറയുന്നത്. യു.ഡി.എഫ് വിചാരണ സദസിലേക്ക് പരാതികളുടെ പ്രവാഹമാണെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക ഞെരുക്കം നേരിടുമ്പോൾ ഫണ്ട് ജനങ്ങളിലേക്ക് എത്തിക്കേണ്ടത് സർക്കാരാണെന്നും അതിലൊന്നും സർക്കാരിന് ശ്രദ്ധയില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. സാമ്പത്തിക പ്രശ്നം മാനേജ് ചെയ്യാൻ സർക്കാരിന് കഴിയുന്നില്ലെന്നും ഇക്കാര്യത്തിൽ സർക്കാർ തികഞ്ഞ പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, നവകേരള സദസില്‍ മര്‍ദ്ദനമേറ്റ സി.പി.എം പ്രവര്ത്തകന് പാര്‍ട്ടി വിട്ട സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി. ഡി. സതീശനും രംഗത്തെത്തിയിരുന്നു. ഈ സംഭവത്തിലെ ഒന്നാം പ്രതി കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. കേരളത്തില്‍ നവകേരള സദസുമായി നടക്കുന്ന മുഴുവന്‍ അക്രമ സംഭവങ്ങളുടെയും ഒന്നാം പ്രതി ഈ കലാപത്തിന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രിയാണെന്ന് വി.ഡി.സതീശന്. മറൈന്‍ ഡ്രൈവില്‍ നവകേരള സദസിനായി പങ്കെടുക്കാന്‍ വന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ ക്രൂരമായി ഈ ക്രിമിനലുകള്‍ മര്‍ദ്ദിച്ചു. ഞാന്‍ സി.പി.എംക്കാരനാണെന്ന് ആയാള്‍ ഉറക്കെ വിളിച്ച് പറഞ്ഞിട്ടും മര്‍ദ്ദിച്ച് അവശനാക്കിയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി കൊടുത്ത ധൈര്യമാണ് ക്രിമിനലുകള്ക്കുള്ളത്. ഇങ്ങനെയൊരു മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും കേരളത്തെ മുടിഞ്ഞ തറവാടാക്കി മുഖ്യമന്ത്രി മാറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.